സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ 2026-27 അധ്യയന വർഷത്തെ ജില്ലാതല ഉദ്ഘാടന ചടങ്ങ് ചെമ്പകടവ് ജി.യു.പി സ്കൂളിൽ നടന്നു.

കോടഞ്ചേരി:സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാം 2026-27 ജില്ലാതല ഉദ്ഘാടന ചടങ്ങിൻ്റെ റിപ്പോർട്ട്
പൊതുവിദ്യാഭ്യാസ വകുപ്പ് കേരളത്തിന്റെ നേതൃത്വത്തിൽ ഡയറ്റ് കോഴിക്കോട് ആവിഷ്കരിച്ച സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ 2026-27 അധ്യയന വർഷത്തെ ജില്ലാതല ഉദ്ഘാടന ചടങ്ങ് ചെമ്പകടവ് ജി.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ നാസർ യു.കെ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു.
ഡയറ്റ് കോഴിക്കോട് ലക്ചറർ ഡോ. സജ്ന കെ.പി പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഏവർക്കും ഉറപ്പ് വരുത്തുക, വിദ്യാഭ്യാസരംഗത്ത് തുല്യതയും അവസര സമത്വവും നിലനിർത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പ്, കേരളം നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം സംസ്ഥാനത്തെ ഗോത്ര മേഖലകൾ, തീരദേശങ്ങൾ, തോട്ടം മേഖലകൾ, എന്നിവിടങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക ശാക്തീകരണവും സമഗ്രവികസനവുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പാഠപദ്ധതിയെ പ്രാദേശിക സാഹചര്യങ്ങളുമായി ഇണക്കിചേർക്കൽ പ്രത്യേക പഠന പിന്തുണ, വിദഗ്ദ്ധ ക്ലാസുകൾ, റസിഡൻഷ്യൽ ക്യാമ്പുകൾ, നൈപുണ്യവികസന ശിൽപ്പശാലകൾ, പഠനയാത്രകൾ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം എന്നിവയിലൂടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരുടെ ഉപരിപഠന-കരിയർ സാധ്യതകൾ ഉയർത്തുന്നതിനും എസ് സി പി കരുത്തേകുന്നു. കോഴിക്കോട് ഡി.ഡി.ഇ അമൃത സി.എസ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ശശി എം. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
തുടർന്ന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മിനി സണ്ണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കുമുറിയിൽ, വാർഡ് മെമ്പർമാരായ സത്യൻ ചോലയിൽ, നാൻസി ജോഷി, ചന്ദ്രൻ, ബാബു പട്ടരാട്ട് എന്നിവർ ആശംസകൾ നേർന്നു. കൊടുവള്ളി ബി.ആർ.സി ബിപിസി ടി.പി നൗഫൽ, ഡയറ്റ് ലക്ചർ ഡോ ഷൈജ എൻ സി, പിടിഎ പ്രസിഡന്റുമാരായ വിനോജ് കെ.ആർ, ഭവ്യ പന്തലാടിയിൽ, എസ് ടി പ്രൊമോട്ടർമാരായ ദേവി,ശ്യാം കിഷോർ, അജിത്ത്, വിജില, കോർഡിനേറ്റർ ശ്രീലത എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യപകൻ സുരേഷ് തോമസ് നന്ദി പ്രകാശനം നടത്തി.



