
തിരുവമ്പാടി : മുക്കത്ത് ഡിസംബർ 18 മുതൽ ജനുവരി 10 വരെ നടക്കുന്ന മുക്കം എക്സ്പോ – ക്രിസ്മസ് കാർണിവലിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, സംഘാടകരായ നിഷാദ് (ഡ്രീംസ്), സൗഫീഖ് വെങ്ങലത്ത് എന്നിവർ പങ്കെടുത്തു.മലയോര മേഖലയിലെ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വിനോദത്തിന്റെയും വിസ്മയക്കാഴ്ചകളുടെയും വേറിട്ട അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എക്സ്പോ സംഘടിപ്പിക്കുന്നത്.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായി സംഘാടകർ വിശേഷിപ്പിക്കുന്ന സുറിയാൽ വെള്ളച്ചാട്ടത്തിന്റെ മാതൃക, നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ദൃശ്യാവിഷ്കാരം, ദിവസവും പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ, വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി ഭക്ഷ്യമേള, പുതുമയാർന്ന വിനോദക്കളികൾ, നാലു ലക്ഷത്തോളം പൂക്കൾ ഉപയോഗിച്ച് ഒരുക്കുന്ന വിസ്മയ ഉദ്യാനം, പ്രേതഭവനം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.ഇതിനുപുറമെ, സീറോ ഗ്രാവിറ്റി ഉൾപ്പെടെയുള്ള അത്യാധുനിക വിനോദയാത്രാ ഉപകരണങ്ങളും നൃത്തവേദിയുമടക്കം വിവിധ വിനോദസൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കുടുംബസമേതം സന്ദർശിക്കാവുന്ന വിപുലമായ വിനോദമേളയായിരിക്കും മുക്കം എക്സോയെന്ന് സംഘാടകസമിതി അറിയിച്ചു.



