താമരശ്ശേരി സബ് ജില്ലാ കായികമേള: കണ്ണോത്ത് സെന്റ് ആന്റണീസിന് അഭിമാന നേട്ടം.

കോടഞ്ചേരി: താമരശ്ശേരി സബ് ജില്ലാ കായികമേളയിൽ മിന്നുന്ന പ്രകടനവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂൾ. യു.പി കിഡ്ഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് സ്കൂൾ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
വ്യക്തിഗത ചാമ്പ്യനായി ഫദ്‌വ കെ.സി
കായികമേളയിൽ സ്കൂളിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഫദ്‌വ കെ.സി വ്യക്തിഗത ചാമ്പ്യനായി തിളങ്ങി. യു.പി കിഡ്ഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ പങ്കെടുത്ത 100 മീറ്റർ, 200 മീറ്റർ, ലോങ്ങ് ജംപ് എന്നീ മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഫദ്‌വ ഈ ഉന്നത വിജയം സ്വന്തമാക്കിയത്.
അധ്യാപകരായ അരുൺ ജോസഫ് ആന്റോ, ജയ്മോൾ പി.ജെ, അനൂപ് എന്നിവരുടെ ആത്മസമർപ്പണത്തോടെയുള്ള പരിശീലനമാണ് കുട്ടികൾക്ക് ഈ വിജയം സമ്മാനിച്ചത്.
വിജയം കൈവരിച്ച കൊച്ചുകുട്ടികളെയും പരിശീലകരായ അധ്യാപകരെയും സ്കൂൾ ഹെഡ്മാസ്റ്റർ ജിജി എം. തോമസ്, സീനിയർ അസിസ്റ്റന്റ് ഷേർളി വി.ജെ എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.



