കർമ്മ ഓമശ്ശേരിയുടെ ഒന്നാമത് അഖിലകേരള വടംവലി മത്സരം ഒക്ടോബർ 14ന്; കരുത്തരുടെ പോരാട്ടത്തിന് ഓമശ്ശേരി ഒരുങ്ങുന്നു.

ഓമശേരി: ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ സേവനത്തിന്റെ കരുത്തായി കഴിഞ്ഞ എട്ടുവർഷത്തിലധികമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധേയമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന കർമ്മ ഓമശ്ശേരി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലകേരള വടംവലി മത്സരം ഒക്ടോബർ 14 ബുധനാഴ്ച ഓമശ്ശേരിയിൽ നടക്കും.
പ്രകൃതിദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആധുനിക രക്ഷാപ്രവർത്തന ഉപകരണങ്ങൾ വിപുലീകരിക്കുന്നതിനുള്ള ധനശേഖരണാർത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.
HAWAII INTERNATIONAL മുഖ്യപ്രായോജകരായും CITY TRADERS ഓമശ്ശേരി, ROTOLYX പുത്തൂർ എന്നിവർ സഹപ്രായോജകരായും സഹകരിക്കുന്ന വടംവലി മത്സരം വൈകുന്നേരം ആറുമുതൽ ഓമശ്ശേരി തിരുവമ്പാടി റോഡിൽ പ്രത്യേകം സജ്ജമാക്കിയ കൊല്ലരുകണ്ടി അബൂബക്കർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക.
455+5 കിലോഗ്രാം തൂക്കവിഭാഗത്തിൽ നടക്കുന്ന മത്സരങ്ങൾ ഐ.ആർ.ഇ കാലിക്കറ്റിന്റെ (IRE Calicut) നിയന്ത്രണത്തിലായിരിക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വടംവലി ടീമുകളും കരുത്തരായ താരങ്ങളും മാറ്റുരയ്ക്കുന്ന ആവേശപ്പോരാട്ടത്തിന് മലയോര മേഖലയുടെ പ്രവേശന കവാടമായ ഓമശ്ശേരി സാക്ഷ്യം വഹിക്കും. സംസ്ഥാനത്തെ മുൻനിര ക്ലബ്ബുകൾ കളത്തിലിറങ്ങുന്നതോടെ ഓരോ മത്സരവും തീപാറുന്ന പോരാട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് കായികപ്രേമികൾ മത്സരം വീക്ഷിക്കാൻ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളുമാണ്.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് MECH MARK സ്പോൺസർ ചെയ്യുന്ന 20,001 രൂപയും I-CONNCET MOBILES നൽകുന്ന വിന്നേഴ്സ് ട്രോഫിയും സമ്മാനിക്കും.
രണ്ടാം സ്ഥാനക്കാർക്ക് MRF ഓമശ്ശേരി നൽകുന്ന 15,001 രൂപയും CARE PLUS കൊടുവള്ളി നൽകുന്ന ട്രോഫിയും ലഭിക്കും.
മൂന്നാം സ്ഥാനക്കാർക്ക് ALPHA TVS മാങ്ങാട് സ്പോൺസർ ചെയ്യുന്ന 10,001 രൂപയും SANTHI HOSPITAL ഓമശ്ശേരി നൽകുന്ന ട്രോഫിയും സമ്മാനിക്കും.
നാലാം സ്ഥാനക്കാർക്ക് 6,001 രൂപയും ട്രോഫിയും നൽകും. അഞ്ചുമുതൽ എട്ടുവരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 4,001 രൂപ വീതവും ഒമ്പതുമുതൽ പതിനാറുവരെ സ്ഥാനക്കാർക്ക് 1,001 രൂപ വീതവും ക്യാഷ് പ്രൈസായി നൽകും.
ദുരന്തസമയങ്ങളിൽ മനുഷ്യജീവനുകൾക്ക് കൈത്താങ്ങാകുന്ന കർമ്മയുടെ സേവനപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് കായികാവേശവും സാമൂഹിക പ്രതിബദ്ധതയും ഒന്നിപ്പിക്കുന്ന ഈ വടംവലി മാമാങ്കം സംഘടിപ്പിക്കുന്നത്.
മത്സരത്തിനായുള്ള സ്റ്റേഡിയം, ഗാലറി ഫ്ലഡ് ലൈറ്റ് സംവിധാനങ്ങൾ, കാണികൾക്കുള്ള സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.



