ഗ്യാനേഷ് കുമാർ രാജിവെക്കണം; കൂടരഞ്ഞിയിൽ ആർ.ജെ.ഡി.യുടെ പ്രതിഷേധ നൈറ്റ് മാർച്ച്.

കൂടരഞ്ഞി : കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി. മലയോര ഹൈവേയിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
പന്തങ്ങളും പാർട്ടി പതാകകളുമേന്തി നടത്തിയ മാർച്ച് കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നയങ്ങൾക്കെതിരായ പ്രതിഷേധമായി. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകൂടത്തിന് അനുകൂലമായി പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും ഇത് ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും ഭീഷണിയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ, അർഹരായവരുടെ വോട്ടവകാശം നിഷേധിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യാ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധ നൈറ്റ് മാർച്ച് ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് പി.എം. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളഞ്ഞുങ്കൽ, ജില്ലാ കമ്മിറ്റി അംഗം പി. അബ്ദുറഹിമാൻ മാസ്റ്റർ, മുഹമ്മദ്കുട്ടി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.



