നാലാം വളവ്–നൂറാംതോട് റോഡ്; ടെണ്ടർ നടപടികളിലേക്ക് കടന്നു.

കോടഞ്ചേരി: മലയോര മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാം വളവിൽ തുടങ്ങി പൊട്ടിക്കൈ വഴി അടിവാരം നൂറാംതോട് റോഡ് നവീകരണ പ്രവൃത്തി ടെണ്ടർ നടപടികളിലേക്ക് കടന്നു. നേരത്തെ 26 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. 10.1 കിലോമീറ്റർ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചതെന്നും നടപടികൾ പൂർത്തിയാക്കി ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം അറിയിച്ചു. ഏറെക്കാലമായി പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടുവരുന്ന റോഡ് നവീകരണത്തിന് അനുമതി ലഭിച്ചതോടെ മലയോര മേഖലയിലെ ഗതാഗത വികസനത്തിന് പുതിയ പ്രതീക്ഷയായിരിക്കുകയാണ്. കേന്ദ്ര റോഡ് പശ്ചാത്തല വികസന ഫണ്ടിൽ (സി.ആർ.ഐ എഫ്) നിന്നാണ് സാങ്കേതിക അനുമതി ലഭിച്ചത്.റോഡ് നവീകരണം യാഥാർഥ്യമാകുന്നതോടെ നൂറാംതോട്, അടിവാരം തുടങ്ങിയ പ്രദേശങ്ങളിലെയും സമീപ മലയോര ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടും. ദൈനംദിന യാത്രക്കാർക്കും വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ചരക്കുഗതാഗതത്തിനും പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷ . നാലാം വളവ്, അടിവാരം, നൂറാംതോട് റോഡിന്റെ നവീകരണം ഭാവിയിലെ ഗതാഗത വികസനത്തിനും ഏറെ സഹായകമാകും. അടിവാരം മുതൽ നാലാം വളവുവരെ ചുരത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുവിന് ഒരു പരിഹാരമാകും.



