
തിരുവനന്തപുരം: വീടുകളിലും ഓഫീസുകളിലും എയർകണ്ടീഷണർ (എസി) ഉപയോഗിക്കുമ്പോൾ വൈദ്യുതി ഉപഭോഗം വൻതോതിൽ കുറയ്ക്കാനും അതുവഴി പണം ലാഭിക്കാനുമുള്ള പ്രധാന നിർദ്ദേശങ്ങളുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി).
വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യം മുൻനിർത്തിയാണ് പബ്ലിക് റിലേഷൻസിന്റെ ഭാഗമായി കെ.എസ്.ഇ.ബി ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
പ്രധാന നിർദ്ദേശങ്ങൾ:
താപനില 25 ഡിഗ്രിയിൽ ക്രമീകരിക്കുക: എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തുക. ഓരോ ഡിഗ്രി സെൽഷ്യസിനും അഞ്ച് ശതമാനത്തോളം ഊർജ്ജലാഭമാണ് ഇതുവഴി സാധ്യമാകുന്നത്. ഇത് വൈദ്യുതി ബിൽ തുക കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശരീര ഉഷ്മാവിന് അനുയോജ്യമായ താപനില ക്രമീകരിക്കുന്നത് മെച്ചപ്പെട്ട ആരോഗ്യത്തിനും നല്ലതാണ്.
ഇടയ്ക്കിടെ ഓഫ് ചെയ്യുക: ഭൂരിഭാഗം എസികളും 30 മിനിറ്റിനുള്ളിൽ മുറി തണുപ്പിക്കുമെന്നതിനാൽ, ടൈമർ മുഖേനയോ അല്ലാതെയോ ഇടയ്ക്കിടെ എസി ഓഫ് ചെയ്യുക.
വാതിലുകളും ജനലുകളും അടച്ചിടുക: എസി സ്ഥാപിച്ചിരിക്കുന്ന മുറികളിലെ തുറന്നിട്ട വാതിൽ, ജനൽ,ദ്വാരങ്ങൾ എന്നിവയിലൂടെ പുറത്തെ വായു മുറിക്കുള്ളിലെ വായുവുമായി കലരുന്നത് വൈദ്യുതി നഷ്ടമുണ്ടാകാനും ഉയർന്ന വൈദ്യുതി ബില്ലിനും കാരണമാകും.
ഫാനിന്റെ ഉപയോഗം: ഉഷ്ണത്തിന് പ്രതിവിധിയായി ഫാൻ ഉപയോഗിച്ചതിന് ശേഷം മാത്രം ആവശ്യെങ്കിൽ മാത്രം എസി ഉപയോഗിക്കുക. (എസിയുടെ വൈദ്യുതി ഉപഭോഗം ഫാനിന്റെ 15 ഇരട്ടിയാണ്!)
ഫിൽട്ടറുകൾ വൃത്തിയാക്കുക: 6 മാസത്തിൽ ഒരിക്കൽ എസി ഫിൽട്ടറുകൾ വൃത്തിയാക്കുക. വൃത്തിഹീനമായ ഫിൽട്ടറുകൾ പെട്ടെന്ന് മുറി തണുപ്പിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം കൂടുന്നു. പൊടി നിറഞ്ഞ ഫിൽട്ടർ എസി കേടോകുന്നതിനും ഉയർന്ന വൈദ്യുതി ഉപഭോഗത്തിനും കാരണമാകുന്നു.
സൂര്യതാപം ഒഴിവാക്കുക: ജനലും ചുമരും വരുന്ന ഭാഗങ്ങളിൽ മരങ്ങളുടെ തണലുള്ളത് സൂര്യതാപത്തിന്റെ ആഘാതം കുറയ്ക്കും. ഇത് എസി ഉപയോഗം 40 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കും.
ഊർജ്ജ സംരക്ഷണത്തിലൂടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനും പണം ലാഭിക്കാനും ഈ മാർഗ്ഗങ്ങൾ ഉപയോക്താക്കൾക്ക് സഹായകരമാകും.



