
കോഴിക്കോട്: രാജ്യത്തെ മുതിർന്ന മാനസികാരോഗ്യ വിദഗ്ധരിൽ ഒരാളായ ഡോ. എൻ.വിജയൻ (93) മാവൂർ റോഡ് പറയഞ്ചേരി ‘പ്രസന്ന’യിൽ അന്തരിച്ചു. മാനസികാരോഗ്യ ചികിത്സാ രംഗത്ത് വിദഗ്ധരില്ലാത്ത ഒരു കാലത്ത് ഈ രംഗത്തേക്കു വന്ന ഡോ. വിജയൻ കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്, ഗവ. മെഡിക്കൽ കോളജ് മാനസികാരോഗ്യ വിഭാഗം മേധാവി തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. 1985ൽ വിരമിച്ച ശേഷം സർക്കാർ അദ്ദേഹത്തെ പ്രഫസർ ഇമെരിറ്റസ് ആയി നിയമിച്ചു. മാനസികാരോഗ്യ ചികിത്സാ രംഗത്ത് പുതുതലമുറയെ വാർത്തെടുക്കുന്നതിൽ ഏറെ പങ്കുവഹിച്ച അദ്ദേഹം മികച്ച അധ്യാപകനുമായിരുന്നു.
മദ്രാസ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം ഇംഗ്ലണ്ടിൽ നിന്നാണ് മാനസികാരോഗ്യ ചികിത്സയിൽ ബിരുദാനന്തര ബിരുദം നേടിയത്. കോഴിക്കോട് വിജയ ഹോസ്പിറ്റൽ സ്ഥാപകനും ചീഫ് സൈക്യാട്രിസ്റ്റുമാണ്. നെടുങ്ങാടി ബാങ്ക് ഡയറക്ടർ, ഐഎംഎ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, കേരള പബ്ലിക് സർവീസ് കമ്മിഷൻ എക്സ്പേർട്ട് അംഗം, ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ്, ഗുരുധർമ പ്രചാരണസഭ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമാണ്.
കൊല്ലം കണ്ടച്ചിറ നാരായണന്റെയും മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ സഹോദരി അമ്മുക്കുട്ടിയുടെയും മകനാണ്. പ്രസന്നയാണ് ഭാര്യ. മക്കൾ: ഡോ. റോയ് വിജയൻ, രാജേഷ് വിജയൻ, റാണി. സംസ്കാരം ഇന്നു രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു.



