കോഴിക്കോട് :സർക്കാർ ലോട്ടറിയുടെ നമ്പർ അടിസ്ഥാനമാക്കി സമാന്തര ലോട്ടറി നടത്തുന്ന സംഘത്തിന്റെ ആസ്ഥാനത്തു പൊലീസ് നടത്തിയ റെയ്ഡിൽ 3,22000 രൂപ കണ്ടെടുത്തു. 3 പേരെ അറസ്റ്റ് ചെയ്തു. തളി സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ കെട്ടിടത്തിലെ ഓഫിസിലായിരുന്നു പരിശോധന. പന്നിയങ്കര സ്വദേശികളായ ഉമ്മർ കോയ (47), പ്രബിൻ (31), ചക്കുംകടവ് സ്വദേശി ഫൈസൽ (43) എന്നിവരെയാണു കസബ സബ് ഇൻസ്പെക്ടർ എസ്.അഭിഷേക് അറസ്റ്റ് ചെയ്തത്. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് ഓഫിസിൽ റെയ്ഡ് നടത്തിയത്.
സമാന്തര ലോട്ടറി സംഘത്തിന്റെ ഏജന്റുമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. അവരാണു വിൽപന നടത്തുന്നത്. നമ്പർ എഴുതി നൽകിയും സമൂഹമാധ്യമങ്ങളിലൂടെ നമ്പർ പ്രസിദ്ധീകരിച്ച് ആളെ ചേർത്തും സമാന്തര ലോട്ടറി നടത്തുന്നുണ്ട്. അതതു ദിവസത്തെ കലക്‌ഷൻ തളിയിലെ ഓഫിസിൽ എത്തിക്കണം. അങ്ങനെ എത്തിയ പണമാണു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. ഒറ്റ നമ്പർ സംവിധാനത്തിൽ സമ്മാനത്തുക നൽകുന്ന ഈ ലോട്ടറിയിൽ ഒട്ടേറെപ്പേർക്കു വൻതുക നഷ്ടപ്പെട്ടിട്ടുണ്ട്.
ടൗൺ അസിസ്റ്റന്റ് കമ്മിഷണർക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡിലെ എം.ഷാലു, സി.കെ.സുജിത്ത്, കസബ സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണി, സീനിയർ സിപിഒമാരായ രജീഷ് അന്നശ്ശേരി, രഞ്ജുഷ്, പി.എം.രതീഷ്, ഡ്രൈവർ സിപിഒ വിഷ്ണുപ്രഭ എന്നിവരടങ്ങിയ സംഘമാണ് അന്വേഷിച്ചത്.
പൊലീസ് ദിവസങ്ങളോളം വേഷം മാറി സമാന്തര ലോട്ടറി നടത്തിപ്പുകാരുമായി ബന്ധപ്പെട്ടിരുന്നു. എല്ലാം ഉറപ്പാക്കിയ ശേഷമാണു റെയ്ഡ് നടത്തിയത്. തളിയിലെ കെട്ടിടത്തിലെ എല്ലാ മുറികളും വാടകയ്ക്കെടുത്താണു സമാന്തര ലോട്ടറി നടത്തിയിരുന്നത്. തൊട്ടടുത്ത മുറികൾ മറ്റാരെങ്കിലും വാടകയ്ക്കെടുത്താൽ സമാന്തര ലോട്ടറി നടത്തിപ്പിനെ ബാധിക്കുമെന്നതിനാലാണ് അങ്ങനെ ചെയ്തത്.
മുൻകാലങ്ങളിൽ നമ്പർ എഴുതി നൽകിയാണു ഒറ്റ നമ്പർ ലോട്ടറി നടത്തിയിരുന്നത്. ലോക്ഡൗൺ കാലത്ത് അതു നടക്കാതെ വന്നപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി നടത്തി. അതു കൂടൂതൽ സൗകര്യപ്രദമായതിനാൽ ലോക്ഡൗൺ കഴിഞ്ഞും ആ രീതി തുടർന്നു. കൂടാതെ എഴുതി നൽകുന്ന രീതിയും തുടരുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ആളെ പിടിക്കുന്നത്. നമ്പറുകൾ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കും. ഓരോരുത്തരും ആവശ്യമായ ഷെയറുകൾ എടുത്തു പണം ഓൺലൈൻ വഴി നൽകും. നേരത്തേയും ഇത്തരം സംഘത്തെ പൊലീസ് പിടികൂടിയിരുന്നു



