LOCAL NEWSNews

1400 അമ്മമാർ അമ്മിഞ്ഞപ്പാൽ നൽകി; അവർ കാണാത്ത 1813 കുഞ്ഞുങ്ങൾക്ക്

കോഴിക്കോട്: 1400 അമ്മമാർ നൽകിയ സ്നേഹമധുരമൂറും മുലപ്പാൽ ജീവനേകിയത് അവർ കാണാത്ത 1813 കുഞ്ഞോമനകൾക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ആരംഭിച്ച മുലപ്പാൽ ബാങ്കാണ് മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് അമ്മമധുരമേകുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ആരംഭിച്ച കോഴിക്കോട്ടെ മുലപ്പാൽ ബാങ്ക് ഒന്നാം പിറന്നാൾ ആഘോഷിക്കുമ്പോൾ ഇതുവരെ ശേഖരിച്ചത് 1,26,225 മില്ലീ ലിറ്റർ മുലപ്പാൽ.

പാസ്ച്ചുറൈസേഷൻചെയ്തു അണുവിമുക്തമാക്കിയ 1,16,315 മില്ലീ ലിറ്റർ പാൽ 14,000-ൽ കൂടുതൽ തവണയാണ് ഇവിടെനിന്ന് നൽകിയത്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ മുലപ്പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങൾക്കാണ് ഇത് നൽകുന്നത്. ഇതിൽത്തന്നെ െഎ.സി.യു.വിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കാണ് മുൻഗണന. കുഞ്ഞിന്റെ വളർച്ചക്കുറവ്, തൂക്കക്കുറവ്, അമ്മമാരുടെ പകർച്ചവ്യാധികൾ, വെന്റിലേറ്ററിൽ കഴിയുന്ന അവസ്ഥ, മരണം, ആവശ്യത്തിന് പാൽ ഉത്പാദനം കുറയൽ, പ്രസവം കഴിഞ്ഞശേഷം അമ്മയും കുഞ്ഞും വെവ്വേറെ ആശുപത്രികളിൽ കഴിയേണ്ടിവരുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇവിടെനിന്ന് പാൽ നൽകുന്നത്.

ഈ ആശുപത്രിയിൽതന്നെ പ്രസവം കഴിഞ്ഞ അമ്മമാരും ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും ജോലിചെയ്യുന്ന മുലയൂട്ടുന്ന അമ്മമാരുമാണ് ഈ കേന്ദ്രത്തിന്റെ മികവിന് പിന്നിൽ. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാൽ കുടിക്കാൻ പറ്റാത്ത സാഹചര്യത്തിലും അമ്മമാർക്ക് പാൽ ദാനം ചെയ്യാം. പൂർണമായും സൗജന്യമായാണ് ഇത് ആവശ്യക്കാർക്ക് നൽകുന്നത്.

ദിവസവും 700 മില്ലീ ലിറ്റർമുതൽ ഒന്നര ലിറ്റർവരെ പാലാണ് ഇവിടെ ശേഖരിക്കുന്നത്. എട്ടുമുതൽ 15 വരെ അമ്മമാർ ദിവസവും പാൽ നൽകാനെത്തുന്നുണ്ട്. പലരിൽനിന്നായി എടുക്കുന്ന പാൽ ഒന്നിച്ചുചേർത്ത് 60 ഡിഗ്രി സെന്റിഗ്രേഡിൽ പാസ്ച്ചുറൈസ് ചെയ്യും. ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരണങ്ങളുള്ള മുറിയും സാമഗ്രികളും ഉണ്ട്. ഫ്രീസറിൽ ഇത് മാസങ്ങളോളം സൂക്ഷിക്കാൻ കഴിയും. ബാക്ടീരിയകളുടെ സാന്നിധ്യം ഇല്ലെന്ന്‌ ഉറപ്പാക്കുന്ന പരിശോധനകൾക്ക് ശേഷം മാത്രമേ കുഞ്ഞുങ്ങൾക്ക് കൊടുക്കൂ.

എന്നാൽ ഇപ്പോൾ ഇവിടെയുള്ള കുഞ്ഞുങ്ങൾക്ക് മാത്രമേ പാൽ നൽകാൻ കഴിയുന്നുള്ളൂ. മെഡിക്കൽ കോളേജിൽനിന്ന് മറ്റ് ആശുപത്രികളിലേക്ക് അണുവിമുക്തമാക്കിയ പാലെത്തിക്കാനും പ്രാദേശികതലത്തിൽ മുലപ്പാൽ സംഭരണകേന്ദ്രങ്ങൾ തുടങ്ങാനുമാണ് ഇനിയുള്ള ശ്രമമെന്ന് ശിശുരോഗ വിഭാഗം മേധാവി ഡോ. വി.ടി. അജിത്ത് കുമാർ പറഞ്ഞു. ഇതിന് കൂടുതൽ അമ്മമാർ പാൽ നൽകാൻ തയ്യാറായി മുന്നോട്ടുവരേണ്ടതുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com