
ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെന്ന കടമ്പ കടക്കാന്‍ കൊച്ചിയിലെ പതിനായിരങ്ങള്‍ക്ക് മുമ്പിലും കേരളാ ബ്ലാസ്റ്റേഴ്സിനായില്ല. മത്സരത്തില്‍ തുടക്കത്തിലെ മുന്നിലെത്തിയിട്ടും അഞ്ച് ഗോള്‍ തിരിച്ചുവാങ്ങി ഒരെണ്ണം കൂടി തിരിച്ചടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എടികെക്കെതിരെ 2-5ന്‍റെ തോല്‍വി വഴങ്ങി. സീസണിലെ രണ്ട് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ തോല്‍വിയാണിത്. സീസണില്‍ എടികെയുടെ ആദ്യ ജയവുമാണിത്. ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുള്‍ക്ക് എടികെ മുന്നിലായിരുന്നു. എടികെക്കായി ഓസ്ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസ് ഹാട്രിക്ക് നേടിയപ്പോള്‍ ജോണി കൗക്കോയും ലെനി റോഡ്രിഗസും ഗോള്‍ പട്ടിക തികച്ചു. ഇവാന്‍ കല്യൂഷ്നിയും കെ പി രാഹുലുമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ സ്കോറര്‍മാര്‍. എടികെക്കെതിരെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ജയമില്ലാതെ മടങ്ങുന്നത്.
കല്യൂഷ്നി ഗോളില്‍ ആദ്യം വെടിപൊട്ടിച്ചത് ബ്ലാസ്റ്റേഴ്സ്
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ആറാം മിനറ്റില്‍ ഇവാന്‍ കല്യൂഷ്നിയുടെ ഗോളിലൂടെ മുന്നിലെത്തി. പിന്നീട് 26ാം മിനിറ്റില്‍ പെട്രാറ്റോസിന്‍റെ ഗോളിലൂടെ സമനില പിടിച്ച എടികെ 38ാം മിനിറ്റില്‍ ജോണി കൗക്കോയുടെയും ഗോളിലൂടെ ലീഡെടുത്തു. രണ്ടാം പകുതിയില്‍ 62-ാം മിനിറ്റില്‍ കൗക്കോ വീണ്ടും സ്കോര്‍ ചെയ്തതോടെ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ മങ്ങി.
ആദ്യ ടച്ച് മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തേണ്ടതായിരുന്നു. കല്യൂഷ്നിയുടെ പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ഗോളാക്കി മാറ്റാന്‍ സഹല്‍ അബ്ദുള്‍ സമദിന് കഴിഞ്ഞില്ല. തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് തന്നെ ആക്രമണം അഴിച്ചുവിട്ടു. തുടക്കത്തിലെ കല്യൂഷ്നി വീണ്ടും എടികെ ഗോള്‍മുഖത്ത് ഭീതിവിതച്ചു. ഒടുവില്‍ കാത്തിരുന്ന നിമിഷം ആറാം മിനിറ്റില്‍ എത്തി. ബോക്സിനുള്ളില്‍ വലതു പാര്‍ശ്വത്തില്‍ നിന്ന് സഹല്‍ അബ്ദുള്‍ സമദിന്‍റെ പാസില്‍ മനോഹരമായ ഫിനിഷിംഗിലൂടെ കല്യൂഷ്നി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പൊട്ടിത്തെറിച്ച നിമിഷമായിരുന്നു അത്.



