മണാശ്ശേരി മുത്താലം റോഡ് പ്രവൃത്തിയിലെ മെല്ലപ്പോക്ക്; ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമൊപ്പം സ്ഥലം സന്ദർശിച്ച് സി.കെ കാസിം എം എൽ എ.

മുക്കം: 5 കോടി രൂപ ചിലവിൽ നവീകരണം നടക്കുന്ന മണാശ്ശേരി- മുത്താലം റോഡ് പ്രവൃത്തിയിലെ മെല്ലെപ്പോക്ക് ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സി.കെ കാസിം എം എൽ എ സ്ഥലം സന്ദർശിച്ചു. റോഡ് പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നത് മൂലം വിദ്യാർത്ഥികളും പ്രായം ചെന്നവരുമുൾപ്പെടെ നിരവധി യാത്രക്കാരാണ് ദുരിതം സഹിക്കുന്നത്. മഴയത്ത് ചെളി ശല്യവും വെയിലത്ത് പൊടിശല്യവും മൂലം സമീപത്തെ താമസക്കാരും കച്ചവടക്കാരും വലിയ ദുരിതമാണ് സഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് എം എൽ എ ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിച്ചത്. റോഡ് നവീകരണത്തിന് ഭൂമി ലഭ്യമാവാത്തതാണ് പല സ്ഥലങ്ങളിലും നേരിടുന്ന പ്രശ്നം. ചില സ്ഥലങ്ങളിലെ കയ്യേറ്റങ്ങളും നവീകരണത്തിന് തടസ്സമാണ്.ഈ പ്രശ്നത്തിന് പരിഹാരമായി അടിയന്തരമായി സർവേ നടപടികൾ പൂർത്തിയാക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലുകൾ നിർമ്മിക്കാത്തതും പ്രതിസന്ധിയായിരുന്നു.
മാത്രമല്ല നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം രൂപപ്പെട്ട വെള്ളക്കെട്ട് മൂലം വീടുകളിലേക്കും കടകളിലേക്കും ചെളി തെറിക്കുന്നതും നിത്യസംഭവമായിരുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ കാണാനും എം എൽ എ നിർദേശം നൽകി. മുക്കം നഗരസഭ ചെയർപേഴ്സൺ അ ഡ്വ: കെ.പി ചാന്ദ്നി, കൗൺസിലർമാരായ മനീഷ ഉള്ളാട്ടിൽ, അസീസ് വാർപ്പിൽ ,മുനീർ മൂത്താലം,വി. ഗിരിജ , പൊതുമരാമത്ത് എക്സിക്യൂട്ടിവ് എഞ്ചിനിയർ കെ.വിസുജീഷ് , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർപി.കെ രഞ്ചി, അസി.എഞ്ചിനീയർ പി. അതുൽ , ഒവർ സിയർ അബ്ദുൽ റസാഖ്, വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കൾ നാട്ടുകാർ എന്നിവർ സംബന്ധിച്ചു



