
തിരുവമ്പാടി: കെഎസ്ആർടിസി നിർദ്ദിഷ്ട ഡിപ്പോ റോഡ് നവീകരണം അനന്തമായി നീളുന്നതിനാൽ സർക്കാർ ആശുപത്രികളിലേക്കും കൃഷിഭവനിലേക്കുമുള്ള യാത്രക്കാർ ദുരിതത്തിൽ.സർക്കാർ ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ എന്നീ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഏക മാർഗമാണ് ഈ റോഡ്. നാല് വർഷം മുമ്പ് രണ്ട് ഘട്ടങ്ങളായി റോഡിന്റെ ആദ്യ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുകയും മൺ പണി നടത്തുകയും ചെയ്തതാണ്.
ഈ ഭാഗത്ത് നിലവിൽ ഉണ്ടായിരുന്ന പഞ്ചായത്ത് റോഡ് പൊളിച്ചാണ് നവീകരണം നടത്തിയത്.എന്നാൽ റോഡ് ടാറിംഗ് ഇതുവരെയുമായിട്ടില്ല. റോഡിന്റെ ഈ ഭാഗത്താണ് ഗവ. ആശുപത്രികളും കൃഷിഭവനും ഉളളത്. മഴക്കാലത്തിനു മുമ്പ് ഈ ഭാഗം ടാറിംഗ് നടത്തിയില്ലെങ്കിൽ ചെളി നിറയുന്ന ഈവഴിയിലൂടെ യാത്ര അസാധ്യമാകും. ഇപ്പോൾ തന്നെ ഈ പ്രദേശം മുഴുവൻ പൊടി മൂടിയ സ്ഥിതിയിലാണ്. റോഡിന്റെ ബാക്കി ഭാഗം വയലിലൂടെയായതിനാൽ ടാറിംഗ് ഉടനെ നടത്താൻ സാധിക്കില്ല. ആദ്യ ഭാഗം എങ്കിലും ടാറിംഗ് നടത്തി ജനങ്ങളുടെ യാത്രി ദുരിതത്തിനു അവസാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം



