മാലിന്യം നിക്ഷേപിക്കുന്ന വാഹനത്തെ പിന്തുടർന്ന് പിടികൂടി എൻ്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേന

മുക്കം: രാത്രികാലങ്ങളിൽ നെല്ലിക്കാപറമ്പ്,കറുത്ത പറമ്പ് പരിസരപ്രദേശങ്ങളിൾ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന വാഹനത്തെ സാഹസികമായി പിന്തുടർന്ന് മുക്കം പോലീസിനെ ഏൽപ്പിച്ച് എൻ്റെ നെല്ലിക്കാ പറമ്പ് സന്നദ്ധ സേന.മാലിന്യം നിക്ഷേപിച്ച സ്ഥലം പോലീസിന്റെ സാനിദ്ധ്യത്തിൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് സ്റ്റേഷൻ പരിധി ആയതിനാൽ,തുടർ നടപടികൾക്കായി നിക്ഷേപിച്ച സ്ഥലത്തിന്റെ ഉടമയെ വിളിച്ചു വരുത്തുകയും, സ്ഥലം ഫോറസ്ററ് മേഖല ഉൾപ്പെട്ട പ്രദേശമായതിനാൽ അരീക്കോട് തേക്കിൻ ചുവട് ഫോറെസ്റ്റ് ടീം എത്തി വാഹനവും, പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.മാസങ്ങൾക്ക് മുമ്പും അർദ്ധരാത്രിയിൽ സമാനമായ രീതിയിൽ കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമിച്ച വാഹനത്തെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു.
കൂടാതെ 3 വർഷം മുമ്പും സമാനമായ രീതിയിൽ കക്കൂസ് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ പ്രതികരിച്ച നാട്ടുകാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ വരെ ശ്രമമുണ്ടായി.അന്ന് മുക്കം പോലീസ് ചെറിയ പിഴ ചുമത്തിയത് വിമർശനമുയർന്നിരുന്നു.വർഷങ്ങളായി തുടർന്ന് വരുന്ന ഈ രീതിക്ക് ഒരു മാറ്റം വരുത്താനുറച്ച് രാത്രികാലങ്ങളിലും ജാഗ്രതയിലാണ് നാട്ടുകാരും എൻ്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയും.



