
കോടഞ്ചേരി: ഉത്തരവാദിത്വ ടൂറിസം ഡിപ്പാർട്ട്മെന്റും കോടഞ്ചേരി ഗ്രാമപഞ്ചായത്തും ടൂറിസം മേഖലയിലെ സംരംഭകരും സംയുക്തമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ ടൂറിസം സംരംഭകരുടെ ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ഫാം ഹൗസുകൾ, ടർഫുകൾ, ഹോട്ടലുകൾ എന്നിവ സന്ദർശിക്കുകയും ടൂറിസ്റ്റുകളെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് ആകർഷിക്കുന്നതിനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
പ്രകൃതിരമണീയമായ തേവർ മലയിലെ ഓഫ് റോഡ് ഡ്രൈവിംഗ് സാധ്യതകളെക്കുറിച്ചും വന്യജീവികളുടെയും അട്ടയുടെയും ഉപദ്രവങ്ങൾ ഇല്ലാതെ ടെന്റ് ക്യാമ്പിങ്ങിന്റെ സാധ്യതകളെക്കുറിച്ചും ഫലവൃക്ഷങ്ങളാൽ അനുഗ്രഹീതമായ മേലെ മരുതലാവിലെ ഫാം ഹൗസുകളുടെ സാധ്യതകളും സംഘം വിലയിരുത്തി.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ടെന്റ് ക്യാമ്പിംഗ്, ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ടർഫ് ഗ്രൗണ്ടുകൾ, സിമ്മിംഗ് പൂളുകൾ തുടങ്ങി ഫോർസ്റ്റാർ ഹോട്ടലുകൾ വരെയുള്ള സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്.
അനുബന്ധമായി കേരളത്തിൻറെ പ്രാചീന അയോദ്ധന കലയായ കളരിയും ഉഴിച്ചിലും ആയുർവേദ ചികിത്സയും ആദിവാസി കലാരൂപങ്ങളുടെ പ്രദർശനവും എല്ലാം സംയോജിപ്പിച്ച് തുഷാരഗിരിയുടെ മടിത്തട്ടിൽ ടൂറിസ്റ്റുകൾക്കെന്നും മറക്കാനാകാത്ത അനുഭൂതികൾ നൽകുന്ന പാക്കേജുകൾ സംയുക്തമായി നടപ്പിലാക്കുവാനും തത്വത്തിൽ തീരുമാനിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ ടൂറിസം സംരംഭകരെ ഒരു കൺസോർഷ്യത്തിന്റെ കീഴിൽ ഏകോപിപ്പിക്കുവാനും ആഭ്യന്തര അന്താരാഷ്ട്ര ടൂറിസ്റ്റുകളെ കോടഞ്ചേരിയിലേക്ക് ആകർഷിക്കുവാനും കൃഷിയോടൊപ്പം തന്നെ ചെറുകിട ടൂറിസം സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ മലയോര മേഖലയിൽ കർഷകർക്ക് വരുമാന വർദ്ധനവിന് ഉതകുന്ന രീതിയിലുള്ള ടൂറിസം പദ്ധതികളൾ നടപ്പാക്കുന്നതാണ്.
ഓഗസ്റ്റ് 12,13,14 തിയ്യതികളിൽ കോടഞ്ചേരിയിൽ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ആവശ്യമായ താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡൻറ് ലിസി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, റിയാന സുബൈർ, ഉത്തരവാദിത്ത ടൂറിസം മിഷൻ ഉദ്യോഗസ്ഥൻ അഖിൽ പി, ഡി ടി പി സി പ്രതിനിധി ഷെല്ലി മാത്യു, പഞ്ചായത്ത് ജൈവ മാനേജ്മെൻറ് കമ്മിറ്റി വൈസ് ചെയർമാൻ ബെനിറ്റോ ചാക്കോ, പ്ലാൻ ക്ലർക്ക് ഷമീർ. പി, വിവിധ ടൂറിസം സംരംഭകരുടെ പ്രതിനിധികൾ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.



