LOCAL NEWS

നവകേരള സദസ്; തിരുവമ്പാടി മണ്ഡലം കാത്തിരിക്കുന്നത് നിരവധി പദ്ധതികൾ

മുക്കം: തിരുവമ്പാടി മണ്ഡലം നവകേരള സദസ് നാളെ മുക്കത്ത് നടക്കുമ്പോൾ നിരവധി വികസന പദ്ധതികളാണ് തിരുവമ്പാടി മണ്ഡലം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പ്രധാനപ്പെട്ട ആവശ്യങ്ങളിതാ…

ചുരത്തിലെ കുരുക്കിന് ശാശ്വത പരിഹാരം വേണം ചുരത്തിലെ ആറ്, ഏഴ്, എട്ട് കൊടും വളവുകൾ വികസിപ്പിക്കാൻ 2018 ഏപ്രിലിൽ വനഭൂമി വിട്ടുകിട്ടിയിട്ടും നാളിതുവരെ അവ വീതികൂട്ടി നവീകരിക്കാൻ നടപടിയായിട്ടില്ല. പദ്ധതി യാഥാർഥ്യമായാൽ യാത്ര സുഖകരമാകും. ചുരത്തിലെ കുരുക്ക് കുറയ്ക്കാൻ വിഭാവനം ചെയ്ത പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ്, ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപ്പാസ് എന്നിവ യാഥാർഥ്യമാകണം.

തുരങ്കപ്പാത സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ് ആനക്കാംപൊയിലിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാത. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തത്വത്തിലുള്ള ഒന്നാംഘട്ട അനുമതിയും സംസ്ഥാന സർക്കാറിന്‍റെ 2,138 കോടി രൂപയുടെ അന്തിമ ഭരണാനുമതിയും ലഭിച്ച പദ്ധതിയുടെ സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിക്കാനുണ്ട്.

പരിഹാരം വേണം വന്യജീവി ശല്യത്തിന് ജില്ലയുടെ കിഴക്കൻ മലയോര മേഖല നേരിടുന്ന പ്രാധാന വിഷയമാണ് വന്യജീവി ശല്യം. ആന, കാട്ടുപന്നി, കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികൾ കൃഷിനശിപ്പിക്കുന്നത് പതിവായതോടെ ചില കർഷകർ കൃഷി നിർത്തിയിട്ടുമുണ്ട്. വനാതിർത്തിയിൽ സൗരോർജ വേലി, ക്ഷുദ്രജീവി പ്രഖ്യാപനം, കൃത്യ സമയത്തുള്ള നഷ്ടപരിഹാര വിതരണം എന്നിവയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്.

പട്ടയം കിട്ടാതെ കുടുംബങ്ങൾ മണ്ഡലത്തിൽ പട്ടയമില്ലാത്ത എണ്ണൂറോളം കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ മുന്നൂറോളം കുടുംബങ്ങൾ പട്ടികജാതി, ആദിവാസി, ലക്ഷം വീട് – നാല് സെൻ്റ് കോളനി നിവാസികളും ബാക്കിയുള്ളവർ പുതുപ്പാടിയിലെ പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ റീ സർവെ 1/1 ൽപ്പെട്ട ഭൂമിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ പട്ടയം ലഭിക്കാനുള്ളവരുമാണ്. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂരിലും പട്ടയമില്ലാത്ത കുടുംബങ്ങളുണ്ട്.

അംഗബലമില്ലാതെ പോലീസ് സേന മുക്കം പോലീസ് സ്റ്റേഷൻ ഉൾപ്പെടെ മണ്ഡലത്തിന്‍റെ പോലീസ് സ്റ്റേഷനുകളിൽ പോലീസുകാരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. ഫണ്ടില്ലാത്തതിനാൽ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്‍റെ നിർമാണം നിലച്ചിട്ട് ഒരു വർഷമാകുന്നു.

കളറാകണം ടൂറിസം മേഖല വിനോദസഞ്ചാര മേഖലയ്ക്ക് അനന്ത സാധ്യതകളാണുള്ളത്. അരിപ്പാറ, തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് മാത്രമേ നിലവിൽ ഡിടിപിസിയുടെ അംഗീകാരമുള്ളൂ. പതങ്കയം, കക്കാടംപൊയിൽ, പൂവാറൻ തോട് മേഖലയിലെ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്തണം. ഫാം ടൂറിസത്തിൻന്‍റെ ഫണ്ട് വിപുലപ്പെടുത്തണം. കക്കാടം പൊയിൽ ഇക്കോ ടൂറിസം, ഇരുവഴിഞ്ഞി ടൂറിസം എന്നിവ യഥാർഥ്യമാക്കണം.

നവീകരണം കാത്ത് ആതുരാലയങ്ങൾ ദിവസേന ആയിരത്തോളം രോഗികളെത്തുന്ന മുക്കം സിഎച്ച്സിയുടെ നവീകരണം കടലാസിലൊതുങ്ങി. സർക്കാർ അനുമതിക്കായി മാസ്റ്റർ പ്ലാൻ തയാറാക്കി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

നീർനായകളെ കൊണ്ട് പൊറുതിമുട്ടി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മുക്കം നഗരസഭയിലും കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലുള്ള ഇരുന്നൂറിലധികം പേര്‍ക്കാണ് നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റത്. നീർനായ ആക്രമണം ഭയന്ന് ആളുകൾ പുഴയിലിറങ്ങുന്നില്ല. പുഴയിലെ മത്സ്യ സമ്പത്തിനും നീർനായ ഭീഷണിയാണ്.

യഥാർഥ്യമാകുമോ തിരുവമ്പാടി ഡിപ്പോ നടപടി തുടങ്ങി പത്തു വർഷം പിന്നിട്ടിട്ടും തിരുവമ്പാടിയിൽ കെഎസ്ആർടിസി സബ് ഡിപ്പോ യഥാർഥ്യമായിട്ടില്ല. നഗരത്തിൽ നിന്നും ഒരു കിലോ മീറ്റർ അകലെ കറ്റിയാട് പഞ്ചായത്ത്‌ വിലയ്ക്ക് വാങ്ങിയ 1.75 ഏക്കർ സ്ഥലത്താണ് നിർദിഷ്‌ട ഡിപ്പോ. 2018 ൽ അന്നത്തെ മന്ത്രി എ.കെ. ശശീന്ദ്രൻ തറക്കല്ലിട്ടതല്ലാതെ നിർമാണ പ്രവൃത്തികൾ ഒന്നും ഇതുവരെ നടന്നിട്ടില്ല. ‌

പുഞ്ചപ്പാടം സംരക്ഷിക്കണം ചെറുവാടി പുഞ്ചപ്പാടത്ത് നെൽക്കൃഷി തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല. 275 ഏക്കറോളമുള്ള പാടത്ത്നെൽക്കൃഷി പുനരാരംഭിക്കാൻ 2018 ൽ കല്ലംതോട് പശ്ചിമഘട്ട വികസന പദ്ധതി നടപ്പാക്കിയിരുന്നു. കല്ലംതോടിൽ മണ്ണും മാലിന്യവും നിറഞ്ഞ് വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടതും കൂട്ടക്കടവിലെ മെക്കാനിക്കൽ ഷട്ടർ ശരിയായി പ്രവർത്തിക്കാത്തതുമാണ് പ്രധാന പ്രശ്‌നം. തോട്ടിലേക്ക് മണ്ണ് വീഴാതിരിക്കാൻ സംരക്ഷണ ഭിത്തിയുംകൂടുതൽ തടയണകളും നിർമിച്ചാലേ കൊടിയത്തൂരിന്‍റെ നെല്ലറയെ വീണ്ടും പച്ചപുതപ്പിക്കാനാകൂ.

ചുരത്തിനടുത്തൊരു ഫയര്‍‌സ്റ്റേഷൻ പ്രകൃതിക്ഷോഭങ്ങളും അപകടങ്ങളും തുടർക്കഥയായ പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി പോലുള്ള പ്രദേശങ്ങളിലേക്കും ഗതാഗത തടസം പതിവാകുന്ന താമരശേരി ചുരത്തിലേക്കും എളുപ്പത്തിൽ എത്തിപ്പെടുവുന്ന തരത്തിൽ ഒരു അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള ജനകീയ ആവശ്യമാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com