
കൊടിയത്തൂർ:സ്ത്രീകൾ കുട്ടികൾ എസ് സി-എസ്ടി വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് സൗജന്യ നിയമോപദേശവും നിയമസഹായവും നൽകുന്ന പദ്ധതിയായ ലീഗൽ എയ്ഡ് ക്ലിനിക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ലീഗൽ എയ്ഡ് ക്ലിനിക് ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം നിയമ സേവന അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ നിസാർ അഹമ്മദ് നിർവഹിച്ചു.
3 ലക്ഷം രൂപക്ക് താഴെ വരുമാനമുള്ള പുരുഷൻമാർക്കും വരുമാന പരിധിയില്ലാതെ മുഴുവൻ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും. ദേശീയ തലത്തിൽ 22 സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൊടിയത്തൂരിലും നടപ്പാക്കിയത്. ഏത് കേസുകളിലും ഏത് ഘട്ടത്തിലും അഭിഭാഷകരുടെ സേവനം സൗജന്യമായി അനുവദിക്കുന്ന പദ്ധതിയാണിത്. ജാമ്യാപേക്ഷ, റിമാൻഡ്, അറസ്റ്റിനു മുൻപുള്ള ഘട്ടം തുടങ്ങിയവക്കെല്ലാം നിയമസഹായം ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി നിയമ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തി നിയമസഹായ ക്യാമ്പയിൻ സംഘടിപ്പിക്കും.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് എം.പി ഷൈജൽ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



