
തിരുവമ്പാടി: അനധികൃതമായി എത്തിച്ച തുണിത്തരങ്ങൾ ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ പിടികൂടി. പൊന്നാങ്കയം തറപ്പേൽ പാലത്തിനു സമീപം കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ ചെറിയ വാഹനത്തിലേക്ക് മാറ്റുന്നതിനിടയിലാണ് നാട്ടുകാർക്ക് സംശയം തോന്നി ഇടപെട്ടത്. ഇതേ തുടർന്ന് വാഹനത്തിലെ സാധനങ്ങൾ പൊന്നാങ്കയം സ്വദേശിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് സ്ക്വാഡും പൊലീസും വീട്ടിലെത്തി പരിശോധന നടത്തി. കാർഡ് ബോർഡ് പെട്ടികളിൽ കാവിമുണ്ട്, നൈറ്റി,സാരി തുടങ്ങി രണ്ടായിരം വസ്ത്രങ്ങളാണ് ഉണ്ടായിരുന്നത്. സാധനങ്ങൾ രാത്രി പത്തോടെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഡപ്യൂട്ടി കലക്ടർ പ്രീത സ്കറിയ, ഫ്ലയിങ് സ്ക്വാഡ് ടീം ലീഡർ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



