
കോഴിക്കോട് : ഉള്ള്യേരിയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിയും ഉള്ള്യേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ് (14) ഗുരുതരമായി പരിക്കേറ്റത്.
രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്ത് റോഡില്‍ വച്ചാണ് കുട്ടിയെ കാട്ടു പന്നി ആക്രമിച്ചത്. കുട്ടിയുടെ പിന്‍ഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട മൈലാടുപാറ പനംതോപ്പില്‍ പുത്തന്‍വീട്ടില്‍ ഗോപാലന്‍ (75) മരിച്ചു. ജനുവരി 25നാണ് ഗോപാലനെ കാട്ടുപന്നി ആക്രമിച്ചത്.



