രാജീവ് ഗാന്ധി ഓഡിറ്റോറിയവും സുപ്രധാന പദ്ധതികളും എം.പി. പ്രിയങ്ക ഗാന്ധി ഇന്ന് നാടിന് സമർപ്പിക്കും

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമായി, 1.17 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ രാജീവ് ഗാന്ധി ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വയനാട് പാർലമെൻ്റ് മണ്ഡലം എം.പി. പ്രിയങ്ക ഗാന്ധി വൈകിട്ട് 5 മണിക്ക് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
പദ്ധതികൾ ഒറ്റനോട്ടത്തിൽ:
രാജീവ് ഗാന്ധി ഓഡിറ്റോറിയം: ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് മുകളിലായി 1.17 കോടി രൂപ മുടക്കിൽ ലിഫ്റ്റ് സൗകര്യത്തോടെ നിർമ്മിച്ച ഓഡിറ്റോറിയത്തിൽ 400 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. ഗ്രാമസഭയടക്കമുള്ള വിവിധ യോഗങ്ങൾ സംഘടിപ്പിക്കാനാണ് ഇത് പ്രയോജനപ്പെടുത്തുക.
പതങ്കയം തൂക്കുപാലം – ‘ടേക്ക് എ ബ്രേക്ക്’ കംഫർട്ട് സ്റ്റേഷൻ: ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി, ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപ ധനസഹായത്തോടുകൂടി, ആകെ രണ്ടു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പതങ്കയം തൂക്കുപാലത്തിന്റെയും ‘ടേക്ക് എ ബ്രേക്ക്’ കംഫർട്ട് സ്റ്റേഷൻ്റെയും പ്രവർത്തി ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
സി.ഡി.എം.സി. ബിൽഡിംഗ്: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി രാഹുൽ ഗാന്ധി എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായി 10 ലക്ഷം രൂപയുമടക്കം 65 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ സി.ഡി.എം.സി. (കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മോണിറ്ററിംഗ് കമ്മിറ്റി) ബിൽഡിംഗിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.
ഉദ്ഘാടന ചടങ്ങ്:
തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ലിൻ്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. അഷ്റഫ് ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കെടുക്കും.



