LOCAL NEWSNews

സ്റ്റാറായി അവതാറും കാന്താരയും; അർജന്റീന, ബ്രസീൽ രാജ്യങ്ങളും വിപണിയിലെ താരങ്ങൾ

കോഴിക്കോട് : സന്ധ്യമയങ്ങിയാൽ നാട്ടിലെല്ലാം നക്ഷത്രത്താരാട്ട് കേൾക്കാം. ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറമേകി പുത്തൻപുതു നക്ഷത്രവിപണി കൺതുറന്നു. പല വർണങ്ങൾക്കു പുറമെ വ്യത്യസ്ത പേരുകളിലുമാണ് ഇത്തവണ നക്ഷത്രോദയം. ‘അവതാർ’ നക്ഷത്രത്തിനാണ് വൻ ഡിമാൻഡ്. കാന്താര നക്ഷത്രങ്ങൾക്കും ആവശ്യക്കാരുണ്ട്.

പതിവു പോലെ എൽഇഡി നക്ഷത്രങ്ങൾ അന്വേഷിച്ച് എത്തുന്നവരും കുറവല്ല. ഇറക്കുമതി ചെയ്ത വെൽവറ്റ് നക്ഷത്രങ്ങളോടും പ്രിയമുള്ളവരുണ്ട്. ഫുട്ബോൾ ലോകകപ്പ് കാലമായതിനാൽ അർജന്റീന, ബ്രസീൽ രാജ്യങ്ങളുടെ പേരിലുള്ള നക്ഷത്രങ്ങളും വിപണിയിലുണ്ട്. മണിയുടെ, പൂക്കളുടെ, ബോളുകളുടെ, മഞ്ഞനിറത്തിലുള്ള മാലബൾബുകളാണ് കൂടുതലും വിറ്റുപോകുന്നതെന്നു കച്ചവടക്കാർ പറയുന്നു.ബലൂൺ വിൽപനകളിൽ മുന്നിൽ നൈലോൺ ടൈപ്പാണ്.

ഇവയിൽ 10 രൂപ വരെ വിലയുള്ള ബലൂണുകളുണ്ട്. ഒരു അടി മുതൽ 10 അടി വരെയുള്ള ക്രിസ്മസ് ട്രീകളും വിപണിയിൽ സുലഭം. ലൈറ്റ് ഉള്ള മരങ്ങൾ മുതൽ മഞ്ഞുള്ള ക്രിസ്മസ് ട്രീകൾക്ക് വരെ ആവശ്യക്കാർ ഉണ്ടെന്നാണ് മിഠായിത്തെരുവിലെ കേരള സ്റ്റേഷനറി മാർട്ടിലെ കെ.പി.ജഗദീഷ് പറയുന്നത്.ട്രീകളിലെ അലങ്കാര വസ്തുക്കളും വിപണികളിൽ താരമൂല്യമുള്ളതാണ്. മുത്തുമാലകളുടെയും പപ്പാഞ്ഞി മാസ്കുകളുടെയും കച്ചവടം പൊടിപൊടിക്കുന്നു. മാർബിളിലും തടിയിലും നിർമിച്ച പുൽക്കൂടുകളും വിപണിയിലെ താരങ്ങളാണ്. ഒരു വയസ്സു മുതലുള്ളവർക്ക് ധരിക്കാൻ പാപ്പാ വസ്ത്രങ്ങളും കടകളിൽ റെഡി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com