LOCAL NEWSNews

ബഫർ സോൺ മേഖല: ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പ്രതിഷേധം ശക്തം

മലയോര പ്രദേശത്തെ ബഫർ സോൺ മേഖലയെക്കുറിച്ചുള്ള ഉപഗ്രഹ സർവേ റിപ്പോർട്ടിനെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ആകുന്നതോടെ കിടപ്പാടം നഷ്ടമാകുമെന്ന ആശങ്കയിലാണ് മലയോര നിവാസികൾ.ജനവാസ മേഖലകളും കൃഷിയിടവും ഉൾപ്പെടുത്തി അശാസ്ത്രീയമായി ഉപഗ്രഹ സർവേ നടത്തിയതാണ് ജനങ്ങളെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്.വനത്തിനുള്ളിൽ തന്നെ ബഫർ സോൺ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.സർക്കാർ വെബ്സൈറ്റിൽ രണ്ട് മാപ്പുകൾ പ്രസിദ്ധപ്പെടുത്തിയത് ആശങ്ക വർധിപ്പിക്കുകയാണ്. ആദ്യത്തെ മാപ്പിൽ ബഫർ സോണിൽ ഉൾപ്പെട്ട മേഖല ഒഴിവാക്കി പുതിയ മേഖലകൾ ഉൾപ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉപഗ്രഹ സർവേയിൽ തന്നെയാണ് വ്യത്യസ്തമായ മാപ്പുകൾ വന്നിരിക്കുന്നതും ആശയക്കുഴപ്പം വർധിപ്പിച്ചിരിക്കുകയാണ്.

ബഫർസോൺ മാപ്പ് മരവിപ്പിക്കണം: പഞ്ചായത്ത് കൂരാച്ചുണ്ട് ∙ ജനവാസ മേഖലകളെ ഉൾപ്പെടുത്തി അശാസ്ത്രീയവും അവ്യക്തവുമായി പ്രസിദ്ധീകരിച്ച ബഫർ സോൺ മാപ്പ് മരവിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രിമാർക്ക് നേരിട്ട് നിവേദനം നൽകാനും തീരുമാനിച്ചു.പ്രശ്നം ചർച്ച ചെയ്യുന്നതിനു 17ന് വൈകിട്ട് 4ന് പഞ്ചായത്ത് ഹാളിൽ സർവകക്ഷി,കർഷക സംഘടനകളുടെ യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസീന യൂസഫ്,സ്ഥിരം സമിതി അധ്യക്ഷരായ ഒ.കെ.അമ്മദ്,സിമിലി ബിജു,ഡാർലി ഏബ്രഹാം,അരുൺ ജോസ്,വിൽസൺ പാത്തിച്ചാലിൽ,വിൻസി തോമസ്, വിജയൻ കിഴക്കയിൽമീത്തൽ, സിനി ഷിജോ എന്നിവർ പ്രസംഗിച്ചു.

ജനവാസ മേഖലകളെ ഒഴിവാക്കണം: യുഡിഎഫ് ബഫർ സോണിൽ നിന്നും ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്നുംപരാതി സമർപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.മാപ്പ് അവ്യക്തം ആയതിനാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ചെയർമാൻ പോളി കാരക്കട അധ്യക്ഷത വഹിച്ചു. ഒ.കെ.അമ്മദ്,ജോൺസൺ താന്നിക്കൽ,വി.എസ്.ഹമീദ്,പയസ് വെട്ടിക്കാട്ട്,ഒ.എസ്.അസീസ്,രാജു കിഴക്കെക്കര,ആൻഡ്രൂസ് കട്ടിക്കാന എന്നിവർ പ്രസംഗിച്ചു.ബഫർ സോൺ മാപ്പ് പിൻവലിക്കണമെന്ന് കോൺഗ്രസ്കൂരാച്ചുണ്ട് ∙ ബഫർ സോൺ വിഷയത്തിൽ വനം വകുപ്പ് പ്രസിദ്ധീകരിച്ച അവ്യക്തമായ മാപ്പ് പിൻവലിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അവ്യക്തമായ മാപ്പ് പ്രസിദ്ധീകരിച്ച ശേഷം ആക്ഷേപം സമർപ്പിക്കാൻ കേവലം 10 ദിവസം മാത്രം അനുവദിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് 18ന് കൂരാച്ചുണ്ടിൽ സംഘടിപ്പിക്കുന്ന െപാതുയോഗം എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു. പോളി കാരക്കട,അഗസ്റ്റിൻ കാരക്കട,പയസ് വെട്ടിക്കാട്ട്,രാജു കിഴക്കെക്കര,കുര്യൻ ചെമ്പനാനി,സണ്ണി പാരഡൈസ്,ആൻഡ്രൂസ് കട്ടിക്കാന,ജോസ് കെ.പോൾ,സണ്ണി പുതിയകുന്നേൽ,ജോർജ് െപാട്ടുകുളത്തിൽ എന്നിവർ പ്രസംഗിച്ചു.

ബഫർ സോൺ വനത്തിനുള്ളിൽ മാത്രമാക്കണം ചെമ്പനോട ∙ സർക്കാർ പുറത്തുവിട്ട ഉപഗ്രഹ സർവേയിലെ അപാകതകൾ പരിഹരിച്ച് ബഫർ സോൺ വനത്തിനുള്ളിൽ പരിമിതപ്പെടുത്തണമെന്ന് ബഹുജന കൺവൻഷൻ ആവശ്യപ്പെട്ടു.ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചെമ്പനോട വില്ലേജിലെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയതിനു എതിരെ പരാതി നൽകാനും പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.ചെമ്പനോട സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോൺസൺ പാഴുക്കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ കെ.എ.ജോസുകുട്ടി,ലൈസ ജോർജ്,വിവിധ കർഷക നേതാക്കളായ രാജീവ് തോമസ്,മനോജ് കുംബ്ലാനിക്കൽ,അനീഷ് പുത്തൂരിടത്തിൽ എന്നിവർ പ്രസംഗിച്ചു.

അതിജീവന സമിതി ജനകീയ സർവേ നടത്തും ചക്കിട്ടപാറ ∙ ബഫർ സോൺ മാപ്പ് പ്രശ്നത്തിൽ ജനകീയ സർവേ നടത്തി പരാതികൾ നേരിട്ട് തിരുവനന്തപുരത്ത് എത്തിക്കാൻ കേരള കർഷക അതിജീവന സംയുക്ത സമിതി ചക്കിട്ടപാറ മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു. അശാസ്ത്രീയമായ ഉപഗ്രഹ സർവേയിൽ ഉണ്ടായ അപാകതകൾ പരിഹരിച്ച് മലയോര ജനതയുടെ ആശങ്കയകറ്റാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.മിൽട്ടൺ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. കൺ‌വീനർ ബാബു കൂനന്തടം അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ബോണി ജേക്കബ് ആനത്താനം,ബാബു പുതുപ്പറമ്പിൽ,ഷാജി മാളിയേക്കൽ,ജിജോ വട്ടോത്ത്,ബാബു പൈകയിൽ,ബേബി വട്ടോട്ടുതറപ്പേൽ,ബാബു കടപ്പൂര്,സെമിലി സുനിൽ,ബെന്നി മാളിയേക്കൽ,ജെയിൻ ജോൺ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com