LOCAL NEWSNews

കൂറ്റൻ ട്രെയിലറുകൾ ചുരം കയറി തുടങ്ങി

താമരശ്ശേരി:മൂന്നു മാസത്തിലേറെയായി അടിവാരത്ത് തടഞ്ഞിട്ടിരിക്കുന്ന കൂറ്റൻ ട്രെയിലറുകൾ ചുരം കയറി തുടങ്ങി.

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്കിനിടയാക്കുമെന്ന ആശങ്കക്കൊടുവിൽ രണ്ട് ട്രെയിലറുകളും കടത്തിവിടാൻ ഒടുവിൽ ജില്ലാ ഭരണകൂടം അനുമതി നൽകുകയായിരുന്നു. ട്രെയിലറിലെ ചരക്കുനീക്കത്തിന്റെ കരാറുകാരായ അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി, ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയ സാഹചര്യത്തിൽ വിദഗ്ധ സമിതി റിപ്പോർട്ടിലെ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഇന്ന് രാത്രി 11 മണിയോടെ ചുരം കയറ്റി വിടാനായി നിർദേശം പുറപ്പെടുവിക്കുകയായിരുന്നു.

ട്രെയിലറുകൾ കടന്നുപോകുമ്പോൾ ദേശീയപാതയ്ക്കോ വനം, വൈദ്യുതി വകുപ്പുകളുടെ സാമഗ്രികൾക്കോ നാശനഷ്ടമുണ്ടായാൽ ഈടാക്കാനായി 20 ലക്ഷം രൂപയുടെ ഡെപ്പോസിറ്റും, ഗതാഗത മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും സാക്ഷ്യപത്രവുമാണു കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. ചുരത്തിൽ ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങളുടെ ഓട്ടം നിർത്തി വച്ചു കൊണ്ടാണു ട്രെയിലറുകൾ കടത്തി വിടുക. ഇതിനു വേണ്ടി വരുന്ന മുഴുവൻ ചെലവുകളും അണ്ണാമലൈ കമ്പനി തന്നെ വഹിക്കണം. നെസ്‌ലെ കമ്പനിക്കു പാൽപൊടിയും മറ്റും നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങളുമായി കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട ട്രെയിലറുകൾ സെപ്റ്റംബർ പത്തിനാണു താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലുമായി തടഞ്ഞിട്ടത്. പിന്നീട് അടിവാരം ബസ് സ്റ്റാൻഡ് പരിസരത്തേക്കു മാറ്റുകയായിരുന്നു.നാട്ടിലേക്കു പോയിരുന്ന ട്രെയിലർ ജീവനക്കാരിൽ മിക്കവരും ഇന്നലെ അടിവാരത്ത് തിരിച്ചെത്തി.

താമരശ്ശേരി പോലീസ്, മോട്ടോർ വാഹന വകുപ്പ്, കെഎസ്ഇബി ,ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ്, ചുരം സംരക്ഷണ സമിതി വിവിധ സന്നദ്ധ സംഘടനകളും വാഹനത്തിന് അകമ്പടി സേവിക്കുന്നുണ്ട്.

ചുരത്തിന്റെ ഇരു ഭാഗങ്ങളിലേയും വാഹന ഗതാകതം പൂർണ്ണമായും അടച്ചിട്ടാണ് കൂറ്റൻ ട്രെയിലറുകൾ കടന്നുപോകുന്നത്.
നിരവധി ആളുകളാണ് ഇവിടെ കൂറ്റൻ ട്രെയിലറുകൾ ചുരം കയറുന്നത് കാണാൻ തടിച്ചു കൂടിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com