
നെല്ലിപ്പൊയിൽ :വിമല യു.പി സ്കൂൾ മഞ്ഞുവയൽ നല്ലപാഠം ക്ലബ്ബിന്റെ ഏഴിനൊപ്പം ഏഴ് കൈത്തൊഴിൽ എന്ന പദ്ധതിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ നല്ലപാഠം പ്രവർത്തനത്തിന്റെ രണ്ടാംഘട്ടം ആയിട്ടാണ് വട്ടച്ചിറ സാംസ്കാരിക നിലയത്തിൽ വച്ച് ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കായി ശിൽപ്പശാല നടത്തിയത്.
പിടിഎ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി തോമസ് സ്വാഗതം ആശംസിക്കുകയും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ റോസിലി മണിക്കൊമ്പേൽ ശില്പശാല ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നല്ലപാഠം കോർഡിനേറ്റർ സിസ്റ്റർ അൽഫോൻസ് പദ്ധതി വിശദീകരണം നടത്തി. എംപിടിഎ പ്രസിഡൻറ് ഷീന ബെന്നി ആശംസകൾ നേരുകയും ജിറ്റോ തോമസ് നന്ദി അർപ്പിക്കുകയും ചെയ്തു.വിമല യുപി സ്കൂൾ അധ്യാപകൻ ഷബീർ കെ .പിയുടെ നേതൃത്വത്തിൽ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളും ചുരുങ്ങിയത് ഏഴ് കൈത്തൊഴിലെങ്കിലും സ്വായത്തമാക്കണം എന്ന ലക്ഷ്യത്തോടെ ഒന്നാം ഘട്ടം സ്കൂളിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും നിർധനരായ കുട്ടികളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നു. സമൂഹത്തിൽ ഏറ്റവും പിന്നോക്കാവസ്ഥതയിലുള്ളവരെ സഹായിക്കുകവഴി കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്താൻ ഇത് സഹായിക്കുന്നു.



