
കോടഞ്ചേരി: ശിശുദിനത്തോടനുബന്ധിച്ച് ചെമ്പുകടവ് ജി.യു.പി. എസ്സിൽ, കോഴിക്കോട് ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടികൾ.ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം പരിപാടിയുടെ ശ്രദ്ധേയമായ ഭാഗമായി. കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കുട്ടികൾക്കായി കളിപ്പാട്ടങ്ങളും സമ്മാനിക്കുകയും ചെയ്തു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നാൻസി ജോഷി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് വിനോദ്, സ്റ്റാഫ് സെക്രട്ടറി കവിത എൻ.കെ, ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് എത്തിയ റെനബ് നാരായണൻ പി.ടി., ലിജോ ജോസഫ്, സാജി ജോസഫ്, ഗഹന പി. എന്നിവർ ആശംസകൾ നേർന്നു. ശ്രീലത കെ നന്ദി രേഖപ്പെടുത്തി.കുട്ടികൾക്ക് സന്തോഷവും സൗഹൃദവും പകർന്നുനൽകുന്നതിനൊപ്പം വായനയുടെയും ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിയ പരിപാടി ശിശുദിനാഘോഷത്തിന് കൂടുതൽ മധുരമേകി.


