നടപ്പാത കയ്യേറിയാല്‍ നടപടി, ഡ്രൈവർമാരുടെ ലഹരി ഉപയോഗം പരിശോധിക്കാൻ പ്രത്യേക കിറ്റ്; നിർദേശം നൽകി ഡി.ജി.പി

തിരുവനന്തപുരം: നടപ്പാതകളില്‍ വാഹനം പാര്‍ക്കു ചെയ്യുന്നതിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി ഡി.ജി.പി. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ കാല്‍നടയാത്ര പോലീസ് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഡി.ജി.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനം.
സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി ആരോപണങ്ങളുണ്ട്. ഇതിനെതിരെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. മദ്യം ഉപയോഗിക്കുന്നത് പരിശോധിക്കാന്‍ നിലവില്‍ പോലീസിന് സാധ്യതകളുണ്ട്. എന്നാല്‍ മറ്റ് ലഹരി വസ്തുക്കള്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ വ്യാപകമാകുന്നുവെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതു കണ്ടെത്താനായി ബസ് സ്റ്റാന്റുകളില്‍ പ്രത്യേക കിറ്റ് ഉപയോഗിച്ച് മിന്നല്‍ പരിശോധന നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യും.ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായി ബന്ധം പുലര്‍ത്തുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും ഡി.ജി.പി. നിര്‍ദേശം നല്‍കി.
നിലവില്‍ ഇവര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കുന്നുണ്ടെങ്കിലും കോടതിയില്‍ നിന്നും അനൂകൂല വിധി നേടുന്ന സാഹചര്യമുണ്ട്. ഇത്തരം സാധ്യതകള്‍ ഒഴിവാക്കി കൃത്യമായ നിയമോപദേശം തേടി ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും ഡി.ജി.പി. വ്യക്തമാക്കി.റോഡപകടങ്ങള്‍ കുറയ്ക്കാനായി എല്ലാ ജില്ലകളിലും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി അവയ്ക്ക് സമീപം ഹൈവേ പട്രോളിംഗ് ശക്തമാക്കാന്‍ തീരുമാനിച്ചു. കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. നടപ്പാതകള്‍ കൈയ്യേറി വാഹനം പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയും
പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ മുന്‍കൈ എടുക്കണം. ഇതിനായി വ്യാപാരികളുടെ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായം തേടാം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളില്‍ ഒരെണ്ണം റോഡിലെ ദൃശ്യങ്ങള്‍ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഡി.ജി.പിമാരയ കെ.പത്മകുമാര്‍, ഡോ. ഷേക്ക് ദര്‍വേഷ് സാഹിബ്, റ്റി.കെ.വിനോദ് കുമാര്‍, എം.ആര്‍.അജിത് കുമാര്‍, തുമ്മല വിക്രം, ഗോപേഷ് അഗര്‍വാള്‍, എച്ച്.വെങ്കിടേഷ് എന്നിവരും സോണ്‍ ഐ.ജിമാരും റേഞ്ച് ഡി.ഐ.ജിമാരും ജില്ലാ പോലീസ് മേധാവിമാരും പങ്കെടുത്തു


