
കോഴിക്കോട്: കോഴിക്കോടിനു സമീപം എലത്തൂരിൽ യാത്രക്കാരൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ പെട്രോളൊഴിച്ച് തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിലാണ് യാത്രക്കാരൻ തീയിട്ടത്. ഡി1 കംപാർട്മെന്റിലാണ് തീയിട്ടത്. സ്ത്രീകൾ ഉൾപ്പെടെ അഞ്ച് യാത്രക്കാർക്ക് പൊള്ളലേറ്റന്നാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സഹയാത്രികരുമായി ഉണ്ടായ വഴക്കിനെ തുടർന്നാണ് ഇയാൾ ട്രെയിനിനുള്ളിൽ തീയിട്ടതെന്നാണ് വിവരം.
രാത്രി 9.05ന് കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ടപ്പോഴാണ് യാത്രക്കാരൻ ട്രെയിനിനുള്ളിൽ തീയിട്ടത്. ട്രെയിൻ കോരപ്പുഴ പാലത്തിനു മുകളിലൂടെ നീങ്ങുമ്പോഴായിരുന്നു സംഭവം. നിലത്ത് പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. കാറ്റത്ത് തീ പെട്ടെന്ന് പടർന്നുപിടിച്ചതോടെ, സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീപടർന്നു. തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കംപാർട്ട്മെന്റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി. സംഭവത്തെ തുടർന്ന് പിടിച്ചിട്ട ട്രെയിൻ പിന്നീട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കു മാറ്റി. തീപിടിച്ച കംപാർട്ട്മെന്റ് മാറ്റിയ ശേഷം ട്രെയിൻ കണ്ണൂരിലേക്ക് യാത്ര തുടരുമെന്നാണ് സൂചന.അതേസമയം, ട്രെയിൻ നിർത്തിയതിനു പിന്നാലെ, തീയിട്ടയാളെന്നു സംശയിക്കുന്ന യുവാവ് ഓടി രക്ഷപ്പെട്ടതായി ട്രെയിനിലുണ്ടായിരുന്നവർ പറയുന്നു. വിവരമറിഞ്ഞ് എലത്തൂരിൽനിന്നും പൊലീസ് സംഘവും കോഴിക്കോട്ട് നിന്ന് റെയിൽവേ പൊലീസും സ്ഥലത്തെത്തി. തീയിട്ടയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്



