
താമരശ്ശേരി: കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ വ്യാജ രേഖകൾ ഹാജരാക്കി കോടികളുടെ വായ്പത്തട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതി മഞ്ചേരി നറുകര നിയാസ് അലിയെ(37) പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നാളായി പൊലീസിനെ വെട്ടിച്ചുകഴിയുകയായിരുന്ന പ്രതിയെ താമരശ്ശേരി എസ്ഐ വി.കെ.റസാഖ്, എസ്‌സിപിഒ എ.കെ.രതീഷ്, സിപിഒമാരായ ലിനീഷ്, അനീഷ്, റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ പുലർച്ചെയാണ് വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ മാത്രമായി 12 കേസുകളിലായി 2 കോടിയിൽപരം രൂപയുടെ വായ്പ തട്ടിപ്പാണ് പ്രതിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്.വില്ലേജിൽ നിന്നു ലഭിക്കുന്ന ലൊക്കേഷൻ സ്കെച്ചും ലൊക്കേഷൻ സർട്ടിഫിക്കറ്റും മറ്റും വ്യാജമായി നിർമിച്ചാണ് തട്ടിപ്പു നടത്തിയത്. ആധാരം പോലും ഇവർ ആദ്യ രണ്ട് പേജ് ഒഴിച്ച് ബാക്കി വ്യാജമായി നിർമിച്ചിരുന്നു. കെഎസ്എഫ്ഇ താമരശ്ശേരി ബ്രാഞ്ചിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈങ്ങാപ്പുഴ ബ്രാഞ്ചിൽ നിന്ന് 12 പേരെ 30 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർത്ത് 15 ലക്ഷം രൂപ വീതം ലോൺ എടുത്തിട്ടുണ്ട്.
കെഎസ്എഫ്ഇ ചിട്ടികളിൽ പരിചയക്കാരെ ചേർത്താണ് തട്ടിപ്പിന്റെ തുടക്കം.ചിട്ടിയിൽ 5 ശതമാനം അടവ് വന്നാൽ ചേർന്ന തുകയുടെ 50 ശതമാനം ലോൺ ലഭിക്കുന്ന സൗകര്യം മുതലെടുത്താണ് തട്ടിപ്പ് ഏറെയും നടത്തിയത്. ചിട്ടിയിൽ ചേർന്നവർക്ക് ലഭിക്കുന്ന വായ്പ തുക പ്രതിയുടെ മകന്റെ പേരിൽ മഞ്ചേരിയിലുള്ള ഫ്രൂട്സ് കടയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. ചിട്ടി വരിക്കാർക്കും സഹായികൾക്കും തുച്ഛമായ തുക നൽകിയ ശേഷം ബാക്കി തുക ആഡംബര ജീവിതം നയിച്ച് ധൂർത്തടിക്കലായിരുന്നു രീതി. ലക്ഷങ്ങൾ ചെലവഴിച്ച് വീട് നിർമിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് പിടിയിലാവാതിരിക്കാൻ 10 സിമ്മും 5 ഫോണും മാറ്റുകയും അത്യാവശ്യത്തിന് മറ്റുള്ളവരുടെ ഫോൺ ഉപയോഗിക്കുകയും ചെയ്തിരുന്ന പ്രതിയെ പൊലീസ് ഏറെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്



