LOCAL NEWS

താലൂക്ക് അദാലത്ത്:പരിഹരിക്കപ്പെടുന്നത് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ – മന്ത്രി മുഹമ്മദ് റിയാസ്

താമരശ്ശേരി:താലൂക്ക് അദാലത്തുകൾ വഴി സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളാണ് പരിഹരിക്കുന്നതെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും ‘ താമരശ്ശേരി താലൂക്ക് തല അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അദാലത്തിന്റെ ഉദ്ഘാടന പരിപാടി മുതൽ ഇതുവരെയുള്ള വൻ ജനപങ്കാളിത്തം സർക്കാരിനോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യമായിട്ടാണ് കാണുന്നത്. മെയ് ആറാം തിയ്യതി കൊയിലാണ്ടി താലൂക്കിലും എട്ടാം തിയ്യതി വടകര താലൂക്കിലുമാണ് അദാലത്തുകൾ നടക്കുന്നത്. ജനങ്ങൾ അദാലത്തിന് വൻ സ്വീകാര്യതയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവ പരിഹരിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. പരാതികളിൽ വലിയൊരു ശതമാനം തീർപ്പ് കൽപ്പിച്ചു. മറ്റുള്ളവ പരിശോധിച്ച് തീരുമാനങ്ങൾ കൈകൊള്ളുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി താലൂക്ക് തല അദാലത്തിലേക്ക് 600 പരാതികളാണ് ലഭിച്ചത്. ഇരുനൂറ്റമ്പതോളം പുതിയ പരാതികളും ലഭിച്ചു. 298 പരാതികൾ അദാലത്തിൽ പരിഗണിച്ചു. 276 പരാതികളിൽ അദാലത്തിൽ പരിഹാരമായി. 302 പരാതികൾ വിവിധ വകുപ്പുകളിലേക്ക് പരിഹാരം കാണുന്നതിനായി അയച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലാണ് കൂടുതൽ പരിഹാരം നൽകാൻ സാധിച്ചത്. എം എൽ എ മാരായ കെ.എം സച്ചിൻ ദേവ് , ലിന്റോ ജോസഫ്, ജില്ലാ കലക്ടർ എ.ഗീത, സബ് കലക്ടർ വി ചെൽസാസിനി, എ. ഡി.എം സി മുഹമ്മദ് റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com