
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങളും, പ്രസംഗ മത്സരവും ഇന്ന് തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ നടന്നു. നാളെ 10 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.
സാംസ്‌കാരിക സമ്മേളനം തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കോഴിക്കോട് മേയർ ശ്രീമതി ബീന ഫിലിപ്പ് മുഖ്യ അഥിതി ആയി പങ്കെടുക്കും. സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ് റിപ്പോർട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, വിവിധ സാമൂഹിക, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശംസ അർപ്പിച്ച് സംസാരിക്കും. സമ്മേളനത്തിന് ശേഷം കുടുംബശ്രീ പ്രവർത്തകർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.കുടുംബശ്രീ പ്രവർത്തകർ അതാത് എ.ഡി.എസ് ന്റെ ബാനറിനു പിന്നിലായാണ് ഘോഷയാത്രയിൽ അണിനിരക്കേണ്ടതെന്നും, ഘോഷയാത്രയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന എ.ഡി.എസ് ന് പ്രോത്സാഹന സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ് എന്നിവർ അറിയിച്ചു.



