
തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 12 വില്ലേജുകളിലായി വരുന്നതും ഇനിയും ഭൂമി സംബന്ധിച്ച അവകാശ രേഖകൾ ലഭിക്കാത്തവർക്കായി അവ ലഭിക്കുന്നതിന് തിരുവമ്പാടി മണ്ഡലം പട്ടയ അസംബ്ലി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫിന്റെ നേതൃത്വത്തിൽ ചേർന്നു.സംസ്ഥാനത്ത് പട്ടയവിതരണം ഊർജ്ജിതമാക്കുന്നതിനും അവ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുമായി രൂപീകരിച്ച പട്ടയമിഷന്റെ ഭാഗമായാണ് പട്ടയ അസംബ്ലി ചേർന്നത്.
വിവിധ വില്ലേജുകളിലെ നാല് സെന്റ് കോളനി,ലക്ഷം വീട്,എസ്.സി/ എസ്്.ടി കോളനി, പുറമ്പോക്ക് ,ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങൾ ഇനിയും എത്ര ലഭ്യമാക്കാനുണ്ടെന്ന കണക്കുകൾ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും യോഗത്തിൽ വിശദമാക്കി.അപേക്ഷകൾ സ്വീകരിച്ച് നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും വില്ലേജ്തല സമിതികൾ കാര്യക്ഷമമാക്കുന്നതിനും യോഗം തീരുമാനിച്ചു.സർക്കാർ തലത്തിൽ തീരുമാനമാവേണ്ട വിഷയങ്ങൾ സത്വരനടപടികൾക്കായി ശ്രദ്ധയിൽ പെടുത്തുന്നതിനും തീരുമാനിച്ചു.
നിയോജകമണ്ഡല തലത്തിൽ എം.എൽ.എ ചെയർമാനും താമരശ്ശേരി തഹസിൽദാർ കൺവീനറുമായുള്ള സമിതി പ്രവർത്തനങ്ങൾ വിലയിരുത്തും.മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്തു.താമരശ്ശേരി തഹസിൽദാർ സി.സുബൈർ സ്വാഗതം പറഞ്ഞ യോഗത്തിൽ മുക്കം നഗരസഭ വൈ.ചെയർപേഴ്‌സൻ അഡ്വ.കെ.പി. ചാന്ദ്നി അധ്യക്ഷയായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ അല്കസ് തോമസ്,മേഴ്‌സി പുളിക്കാട്ട്,ആദർശ് ജോസഫ് തുടങ്ങി ജനപ്രതിനിധികളും റവന്യു ,പഞ്ചായത്ത് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.



