
താമരശ്ശേരി: ബൈക്കില്‍ ചാരായം കടത്തുന്നതിനിടയിൽ യുവാവ് എക്‌സൈസ് പിടിയിൽ. ചമൽ കേളന്‍മൂല വട്ടപ്പൊയില്‍ മനീഷ് ശിവന്‍ (35) ആണ് പിടിയിലായിരിക്കുന്നത്. അഞ്ച് ലിറ്റര്‍ ചാരായം പള്‍സര്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടു വരവെയാണ് മനീഷിനെ എക്‌സൈസ് പിടികൂടിയത്.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ചമല്‍ കേളന്‍മൂല ഭാഗത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.സ്ഥിരം ചാരായ വാറ്റ് കേന്ദ്രമായ ചമല്‍ കേളന്‍മൂല ഭാഗങ്ങളില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി എക്‌സൈസ് നശിപ്പിക്കാറുണ്ടെങ്കിലും വാറ്റ് സംഘത്തെ പിടികൂടാന്‍ സാധിക്കാറില്ലായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന്‍ ദാസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിഇഒ മാരായ മനീഷ്, ആഷ് കുമാര്‍, ഡ്രൈവര്‍ ഷിദിന്‍ എന്നിവര്‍ പങ്കെടുത്തു.



