മലയോര മേഖലയിലെ ആദ്യ അന്താരാഷ്ട്ര സ്റ്റേഡിയം; നിർമാണ പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും

മുക്കം: മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകാൻ അന്താരാഷ്ട്ര സ്റ്റേഡിയം ഒരുങ്ങുന്നു. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് മാമ്പറ്റ മിനി സ്റ്റേഡിയത്തിലാണ് ആറര കോടിയോളം രൂപ ചെലവിൽ അന്താരാഷ്ട്ര സ്റ്റേഡിയം ഒരുങ്ങുന്നത്.സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും.
ഓരോ പഞ്ചായത്തിലും കളി സ്ഥലം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർമിക്കുന്നത്.57 സ്റ്റേഡിയങ്ങൾക്കായി കിഫ്ബിയിൽ നിന്ന് ആയിരം കോടി രൂപയാണ് വകയിരുത്തിയത്. രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബോൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ആധുനിക ജിംനേഷ്യം, ജംപിംഗ് പിറ്റുകൾ, ഗാലറി എന്നിവ നിർമിക്കാനാണ് പദ്ധതി. പുല്ലൂരാംപാറയിൽ സ്റ്റേഡിയം സ്ഥാപിക്കാൻ 2016-17 ബജറ്റിൽ തുക വകയിരുത്തിയിരുന്നു. എന്നാൽ സ്ഥല ലഭ്യത ഇല്ലാത്തതിനാലാൽ തിരുവമ്പാടിയിലേക്ക് മാറ്റി.
മഴക്കാലത്ത് തിരുവമ്പാടി സ്റ്റേഡിയം വെള്ളത്തിലാകുമെന്ന സ്ഥിതി വന്നപ്പോഴാണ് മാമ്പറ്റയിലേക്ക് മാറ്റിയത്.മലയോര മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും പുൽമൈതാനവും സിന്തറ്റിക്ക് ട്രാക്കുകളുമടങ്ങുന്ന സ്റ്റേഡിയത്തിന്റെ നിലനിൽപ്പിന് പ്രതികൂലമാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റിയത്. കോഴിക്കോട് പട്ടണത്തിനു പുറത്തെ ആദ്യത്തെ സിന്തറ്റിക് ട്രാക്കാണ് മാമ്പറ്റയിൽ ഒരുങ്ങുന്നത്. കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ കോർട്ടും. കായിക മാമാങ്കങ്ങൾക്കും ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും. ദേശീയ അത് ലറ്റിക് മീറ്റ് ഉൾപ്പെടെ നിരവധി കായിക മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്കും പുതു തലമുറയ്ക്കും സ്റ്റേഡിയം പുത്തൻ ഉണർവാകും



