
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തെലുങ്കാനയിൽ ആസ്ഥാനമായ പ്രവർത്തിക്കുന്ന “വൈഡ് ലൈഫ് ട്രാൻക്വൻ ഫോഴ്സ്’ എന്ന സന്നദ്ധ സംഘടനയുടെ മൂന്ന് ഷൂർമാരുടെ സഹായത്തോടെ 10 പന്നികളെ ഇല്ലായ്മ ചെയ്യാൻ സാധിച്ചു.
ജനകീയ പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെയും കർഷകരുടെയും സഹകരണത്തോടെയാണ് മൂന്നാം നാല് അഞ്ച് തീയതികളിൽ രാത്രികാലങ്ങളിൽ ആറ് അംഗം സംഘം കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനായി ഇറങ്ങിയത്.
മുൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻ നവാബ് ഷഫാത്ത് അലി ഖാൻ , അസ്കർ അലി ഖാൻ ,പെർവാർ ശാന്തജി എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നികൾ ഇല്ലായ്മ ചെയ്യുവാൻ നേതൃത്വം നൽകിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, ചാൾസ് തയ്യിൽ എന്നിവർ നേതൃത്വം നൽകി.
കേരളത്തിൽ കാട്ടുപന്നികൾ ക്രമാതീതമായി വർദ്ധിക്കുന്നുണ്ടെന്നും ആയതിനെ നിയന്ത്രിക്കുന്നതിന് ആവശ്യമായത്ര തോക്ക് ലൈസൻസുകൾ നിലവിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ലഭ്യമല്ല എന്നും ആയതിനാൽ പരമാവധി കർഷകർക്ക് കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് ആവശ്യമായ തോക്കും ലൈസൻസും ലഭ്യമാക്കുവാൻ സർക്കാർ തലത്തിൽ നടപടികൾ ആവശ്യമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
വരും മാസങ്ങളിലും ഇത്തരത്തിൽ കർഷകരെ സഹായിക്കാൻ ആവശ്യമായ ഇടപെടലുകൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകും എന്നും അദ്ദേഹം അറിയിച്ചു.



