
തിരുവമ്പാടി : അങ്ങാടിയിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ഇനിയും ശാശ്വതപരിഹാരമായില്ല. അഴുചാൽനവീകരണ പദ്ധതികൊണ്ടൊന്നും പരിഹരിക്കാൻ കഴിയാത്തവിധം വെള്ളക്കട്ട് ദുരിതത്തിലകപ്പെടുകയാണ് നഗരം. ഞായറാഴ്ച വൈകുന്നേരംപെയ്ത കനത്തമഴയിൽ ബസ്‌സ്റ്റാൻഡ് പരിസരം-കൂടരഞ്ഞി റോഡിൽ ഏറെനേരം വെള്ളക്കെട്ട് രൂപപ്പെട്ടു.യാത്രക്കാർ ഏറെ ദുരിതത്തിലായി. കടവരാന്തയോളം വെള്ളം ഇരച്ചുകയറിയെത്തി. കഴിഞ്ഞവർഷം ഗ്രാമപ്പഞ്ചായത്ത് കൂടുതൽ വിസ്താരത്തോടെ അഴുക്കുചാൽ നവീകരിച്ചിരുന്നെങ്കിലും ശാശ്വതപരിഹാരമാകുന്നില്ല. ഉയരംകൂടിയ ഭാഗങ്ങളിൽനിന്നും ഒഴുകിയെത്തുന്ന മാലിന്യം കൂടരഞ്ഞി റോഡ് പരിസരത്തെ തോട്ടിലേക്ക് ഒഴുക്കിവിടാൻ പാകത്തിലാണ് പുതിയ അഴുക്കുചാൽ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.ബസ്‌സ്റ്റാൻഡ് കവാടത്തിൽ കൂടരഞ്ഞി റോഡിലും ബസ് സ്റ്റാൻഡിന്റെ മറുഭാഗത്തെ പ്രവേശനകവാടത്തിലും അഴുക്കുചാൽ നവീകരിച്ചിരുന്നു. തിരുവമ്പാടി-കൂടരഞ്ഞി പി.ഡബ്ല്യു.ഡി. റോഡ് നവീകരണ പ്രവൃത്തി നടത്താത്തതാണ് ഹൈസ്കൂൾ റോഡിൽ വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാക്കുന്നത്. അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് അഴുക്കുചാലുകൾ നവീകരിക്കേണ്ടതുണ്ട്. ബസ്‌സ്റ്റാൻഡിന്റെ മറുഭാഗത്തുകൂടെ കടന്നുപോകുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡാകട്ടെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്.
അങ്ങാടിയിൽ പോലും ഇനിയും അഴുക്കുചാൽ നിർമാണം പൂർത്തിയാക്കിയിട്ടില്ല. ഹൈസ്കൂൾ റോഡിലെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയതും പ്രശ്നം സങ്കീർണമാക്കി.നാലരവർഷംമുമ്പ് അന്നത്തെ എം.എൽ.എ. ജോർജ് എം. തോമസ് മുൻകൈയെടുത്ത് 3.5 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന മാസ്റ്റർപ്ലാൻ മുന്നോട്ട് വെച്ചിരുന്നു. തുടർനടപടിയുണ്ടായില്ല. ഈ പദ്ധതി കൂടുതൽവിപുലമാക്കി നടപ്പാക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചിട്ട് വർഷം രണ്ടായെങ്കിലും നടപടി വൈകുകയാണ്.അതേസമയം ഇന്നലത്തെ കനത്ത മഴയിൽ കൂടരഞ്ഞി റോഡിൽ അമേരിക്കൻ കോളനിക്ക് സമീപം വാഹനങ്ങൾക്ക് പോലും പോകാൻ പറ്റാത്ത രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.



