
താമരശ്ശേരി : തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിൽനിന്ന് മുന്നോട്ടുവന്ന് സന്നദ്ധപ്രവർത്തകയായ സ്നേഹപ്രഭ വനംവകുപ്പ് ജീവനക്കാർ പുറത്തേക്ക് വിട്ട ഒരു മൂർഖൻപാമ്പിന്റെ വാലിൽ പിടിച്ചു. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പിന്നീട് ധൈര്യത്തോടെ അവർ അറ്റത്ത് കൊളുത്തുള്ള കമ്പി ഉപയോഗിച്ച് പാമ്പിന്റെ മുൻഭാഗം ഉയർത്തി കറുത്ത ഇടുങ്ങിയ ചാക്കിനുള്ളിലേക്ക് അതിനെ കടത്തിവിട്ടു.വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് സ്ക്വാഡ് അംഗം അനുശ്രീയെ ആളുകൾക്കിടയിലേക്ക് വഴുതിമാറി പാമ്പ് ആദ്യമൊന്ന് പരീക്ഷിച്ചു. എന്നാൽ അവരും അനായാസം പാമ്പിനെ പിടിച്ച് ചാക്കിലാക്കി.വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും കോഴിക്കോട് ഫോറസ്റ്റ് ഡിവിഷനും ചേർന്ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ സംഘടിപ്പിച്ച പാമ്പുപിടിത്ത പരിശീലനമായിരുന്നു വേദി.അഞ്ച് വനിതകൾ ഉൾപ്പെടെ നൂറോളം പേരാണ് ചൊവ്വാഴ്ചത്തെ പരിശീലനത്തിന്റെ ഭാഗമായത്.സർപ്പ സംസ്ഥാന കോ-ഓർഡിനേറ്ററും കൊല്ലം എസ്.ഐ.പി. യൂണിറ്റ് അസി. ഫോറസ്റ്റ് കൺസർവേറ്ററുമായ വൈ. മുഹമ്മദ് അൻവർ പരിശീലനം നൽകി.ഡി.എഫ്.ഒ. സി. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ആർ.എഫ്.ഒ. കെ.വി. ബിജു, ഡെപ്യൂട്ടി ആർ.എഫ്.ഒ. സാജു, സർപ്പ ജില്ലാ കോ-ഓർഡിനേറ്റർ പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.



