News

മാവൂർ ഗ്രാമപ്പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി ആർ.എം.പി.ഐ.യുടെ ടി. രഞ്ജിത്ത് തിരഞ്ഞെടുക്കപ്പെട്ടു

മാവൂർ : ഗ്രാമപ്പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി ആർ.എം.പി.ഐ.യുടെ ടി. രഞ്ജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരേ പത്തുവോട്ടുകൾ നേടിയാണ് സി.പി.എമ്മിലെ എ.പി. മോഹൻദാസിനെ പരാജയപ്പെടുത്തിയത്.യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിൽ കക്ഷികൾ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രസിഡന്റ് മുസ്‌ലിംലീഗിലെ പുലപ്പാടി ഉമ്മർ ഒന്നരവർഷത്തിനുശേഷം രാജിവെച്ചത്. തുടർഭരണസമിതിയിലെ ഏക ആർ.എം.പി. അംഗമാണ് രഞ്ജിത്ത്.

ഇദ്ദേഹത്തിന്റെ കാലാവധി ഒരു വർഷമാണ്. ബാക്കിവരുന്ന രണ്ടരവർഷം കോൺഗ്രസ് പ്രതിനിധിയായിരിക്കും പ്രസിഡന്റ്.ആർ.എം.പി.യുടെ കൈവശമായിരുന്ന ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസ്ഥാനം ഇനി മുസ്‌ലിം ലീഗിന് ലഭിക്കും. ടി.ടി.അബ്ദുൾ ഖാദറായിരിക്കും ചെയർമാൻ. അടുത്ത ശനിയാഴ്ചയാണ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുക. സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ടി. രഞ്ജിത്ത്. ആദ്യകാല സി.പി.എം. കുന്ദമംഗലം ഏരിയാ സെക്രട്ടറിയും ഇപ്പോൾ ആർ.എം.പി.യുടെ സംസ്ഥാനകമ്മിറ്റി അംഗവുമായ കെ.കെ. കുഞ്ഞിക്കണാരന്റെ മകനാണ്.

മാവൂർ സർവീസ് സഹകരണബാങ്കിലെ ജീവനക്കാരനുമാണ്.തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശാനുസരണം ഡെപ്യൂട്ടി തഹസിൽദാർ (ഭൂരേഖ) ശ്രീകുമാറിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.18 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ 10 അംഗ യു.ഡി.എഫ്. ഭരണസമിതിയാണുള്ളത്. മുസ്‌ലിം ലീഗ്-5, കോൺഗ്രസ്-4, ആർ.എം.പി-1, സി.പി.എം.-8 എന്നിങ്ങനെയാണ് കക്ഷിനില.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com