
കോഴിക്കോട്: കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികള്‍ ഒഴിവാക്കി. ഞായറാഴ്ച നടക്കുന്ന നവകേരള സദസ്സിന്റെ നാല് പരിപാടികളും ചടങ്ങ് മാത്രമായി നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.’നാളത്തെ നാല് പരിപാടികളും ആഘോഷങ്ങളൊന്നുമില്ലാതെ ചടങ്ങ് മാത്രമായാകും നടക്കുക. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ വേദിയിലേക്ക് ചെല്ലുന്നു, കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുന്നു, അതോട് കൂടി നവകേരള സദസ്സ് സമാപിക്കും. യാതൊരുതരത്തിലുള്ള ആഘോഷപരിപാടികളും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.’ -മന്ത്രി ആര്‍. രാധാകൃഷ്ണന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം, ബേപ്പൂര്‍ മണ്ഡലങ്ങളിലാണ് ഞായറാഴ്ച നവകേരള സദസ്സ് പര്യടനം നടത്തുക. രാവിലെ 11 മണിക്ക് തിരുവമ്പാടി, വൈകീട്ട് മൂന്ന് മണിക്ക് കൊടുവള്ളി, നാലരയ്ക്ക് കുന്ദമംഗലം, ആറ് മണിക്ക് ബേപ്പൂര്‍ എന്നിങ്ങനെയാണ് നാളത്തെ സമയക്രമം



