
കോഴിക്കോട് : സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മിഷൻ മിന്നൽസന്ദർശനം നടത്തുമെന്ന് സംസ്ഥാന കമ്മിഷണർ എ. അബ്ദുൽ ഹക്കീം പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യപടിയായി എല്ലാ കളക്ടറേറ്റുകളിലും തിരഞ്ഞെടുത്ത ഓഫീസുകളിലും പരിശോധന നടത്തും. വിവരാവകാശ നിയമത്തിന്റെ സെക്ഷൻ നാല് പ്രകാരം ഏത് ഓഫീസിലുമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ സ്വമേധയാ ലഭ്യമാക്കണമെന്നുണ്ട്. ഇത് പാലിക്കാത്തത് അപേക്ഷകളുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് സെക്ഷൻ നാല് പ്രകാരമുള്ള വിവരങ്ങൾ എല്ലാ ഓഫീസുകളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി കമ്മിഷനോട് നിർദേശിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പരിശോധന.
2005 ഒക്ടോബർ 12-ന് നിയമം പ്രാബല്യത്തിൽവന്ന് 120 ദിവസത്തിനകംതന്നെ ഇന്ത്യയിലെ എല്ലാ ഓഫീസുകളിലും അവിടെനിന്ന് പൊതുജനങ്ങൾക്ക് നൽകാനാകുന്ന എല്ലാവിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കണമെന്ന് വ്യവസ്ഥയുള്ളതാണ്. ഓഫീസിന്റെ പ്രവർത്തനരീതി, ഘടന, ഉദ്യോഗസ്ഥന്മാരുടെയും അധികാരികളുടെയും അധികാരങ്ങളും കർത്തവ്യങ്ങളും, സേവനങ്ങൾ, ഓഫീസിലെ ജീവനക്കാരുടെ ഡയറക്ടറി എന്നിവയെല്ലാം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥ
നിയമവിരുദ്ധമായി റവന്യുവകുപ്പിൽ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിനൽകുന്നതിന് അധികം തുക ഫീസായി ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി കമ്മിഷന് ലഭിച്ചു. ഉദ്യോഗസ്ഥനെ നിയമപ്രകാരം ഫൈൻ നൽകി കമ്മിഷൻ ശിക്ഷിച്ചു. സെർച്ച് ഫീ ആവശ്യപ്പെടുന്നതും നിയമമനുവദിക്കുന്നില്ല.
വിവരാവകാശ നിയമപ്രകാരം പ്രായോഗികമായി ലഭിക്കാത്ത വിവരങ്ങൾ ആവശ്യപ്പെട്ട് ഓഫീസുകളിൽ അനാവശ്യമായി അപേക്ഷകൾ നൽകുന്നതിരേ കർശന നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ പരാതികൾക്കായി കോഴിക്കോട് കമ്മിഷൻ നടത്തിയ സിറ്റിങ്ങിനുശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം



