
തിരുവമ്പാടി: ടൗണിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമായി. ചർച്ച് റോഡിലാണ് കഴിഞ്ഞ ദിവസം രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടായത്. റോഡിന്റെ ഇരുവശത്തും അനധികൃതമായി വാഹന പാർക്കിങ് നടത്തിയതാണ് ഗതാഗത കുരുക്കിന് കാരണം. രണ്ടു വർഷം മുൻപ് ടൗണിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി പഞ്ചായത്തും പൊലീസും ചേർന്ന് ഇടവിട്ട ദിവസങ്ങളിൽ റോഡിന്റെ ഓരോ വശത്തും വാഹന പാർക്കിങ് അനുവദിച്ചിരുന്നു.ഇത് കുറെ കാലം ഭംഗിയായി കൊണ്ടുപോവുകയും ചെയ്തു. എന്നാൽ പിന്നീട് അധികൃതർ ശ്രദ്ധിക്കാതെ ടൗണിലെ പാർക്കിങ് തോന്നും പടിയായി. റോഡിന്റെ പല ഭാഗത്തും നോ പാർക്കിങ് ഏരിയയിലും വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നത് പതിവായി. ഇതോടെ ടൗണിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവം ആകുകയായിരുന്നു.അതേസമയം ഹൈസ്കൂൾ റോഡിലും ഇതേ അവസ്ഥയാണ് തുടരുന്നത്.ബീവറേജ് ഔട്ട് ലൈറ്റിൽ വരുന്ന വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ റോഡിലാണ് കൂടുതലും സ്ഥിതിചെയ്യുന്നത്.

കോടഞ്ചേരി– തമ്പലമണ്ണ റോഡ് തുറന്നതോടെ വയനാട്ടിലേക്കുള്ള വാഹനങ്ങൾ കൂടുതലായി തിരുവമ്പാടി ടൗൺ വഴിയാണ് കടന്നു പോകുന്നത്.ഇത് ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്. ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം



