
കോഴിക്കോട് :പുതുവത്സരാഘോഷങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവേ നഗരം പുതുവത്സര രാവിനെ വരവേൽക്കാൻ ഒരുങ്ങി. കോവിഡും നിപ്പയും കൊണ്ടു പോയ കഴിഞ്ഞ 3 വർഷങ്ങളിലെ പുതുവത്സരാഘോഷങ്ങളുടെ നഷ്ടം നികത്താൻ ഇത്തവണത്തെ ആഘോഷം വർണാഭമാക്കാൻ വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും നേരത്തെ ഒരുങ്ങിയിട്ടുണ്ട്. നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലും ക്ലബ്ബുകളിലുമെല്ലാം പ്രത്യേക പുതുവത്സരാഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്. അതേ സമയം ആഘോഷം അതിരു കടക്കാതിരിക്കാൻ പൊലീസ് സേന നഗരത്തിൽ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.നഗരത്തിലെ പ്രധാന പുതുവത്സരാഘോഷ വേദിയായ ബീച്ചിലേക്കുള്ള പ്രവേശനം പൊലീസ് ഇന്നു വൈകിട്ട് 3 മുതൽ നിയന്ത്രിക്കും. ഇത്തവണ മാനാഞ്ചിറ സ്ക്വയറും പുതുവത്സരാഘോഷത്തിന്റെ പ്രധാന വേദിയാകും. വിനോദ സഞ്ചാര വകുപ്പ് മാനാഞ്ചിറ സ്ക്വയറിനെ ദീപാലംകൃതമാക്കിയതിനാൽ ഒട്ടേറെ പേർ കുടുംബ സമേതം ആഘോഷത്തിനായി അവിടെയെത്തും. 3 ദിവസമായി മാനാഞ്ചിറ സ്ക്വയറിൽ ദീപാലങ്കാരം കാണാനും സെൽഫിയെടുക്കാനുമായി വൻ തിരക്കായിരുന്നു. ഇന്നു പുതുവത്സര രാവിൽ തിരക്ക് വർധിക്കും.
സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ 7 എസിപി മാരടങ്ങിയ 600 പൊലീസുകാരുടെ സംഘത്തെയാണ് പുതുവത്സരാഘോഷത്തിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നിയോഗിച്ചിരിക്കുന്നത്.ബീച്ച്, ഭട്ട് റോഡ് ബീച്ച്, വരക്കൽ ബീച്ച്, ബേപ്പൂർ ബീച്ച്, പുലിമുട്ട്, ബാർ ഹോട്ടലുകൾ, ബീയർ പാർലറുകൾ, റിസാർട്ടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്മെന്റുകൾ മുതലായ സ്ഥലങ്ങളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും



