
തിരുവമ്പാടി: ‘സജീവം’ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സെന്റർ ഫോർ ഓവറോൾ ഡെവലപ്പ്മെന്റും അൽഫോൻസ കോളേജ് തിരുവമ്പാടിയും താമരശ്ശേരി രൂപത എഡ്യൂക്കേഷണൽ കോർപ്പറേറ്റ് സൊസൈറ്റിയും സംയുക്തമായി മാരത്തോൺ സ്ട്രീറ്റ്പ്ലേ സംഘടിപ്പിച്ചു. തിരുവമ്പാടി അൽഫോൻസാ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ബോധവൽക്കരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഹൈസ്കൂൾ, കൂടരഞ്ഞി ഹൈസ്കൂൾ, പുല്ലൂരാംപാറ യുപി, ഹൈസ്കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ മരത്തോൺ തെരുവ് നാടകങ്ങൾ മൂന്ന് സ്കൂളുകളിലും തുടർച്ചയായി അവതരിപ്പിച്ചത്.
ലഹരി എങ്ങനെ വ്യക്തി ജീവിതത്തെയും കുടുംബജീവിതത്തെയും സ്ഥാപനങ്ങളെയും സമൂഹത്തെയും തകർക്കുന്നു എന്നതിന്റെ പച്ചയായ അവതരണവും എങ്ങനെ അതിൽ നിന്ന് മുക്തമാകാം എന്നുള്ളതിന്റെ വഴികളുമാണ് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥികൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വിധത്തിൽ തെരുവുനാടകം ആയി അവതരിപ്പിച്ചത്. നാടകത്തിന്റെ തിരക്കഥയും സംവിധാനവും കോളേജിലെ ഹിന്ദി വിഭാഗം തലവൻ ഡോ. ജെയിംസ് പോൾ നിർവഹിച്ചു. സ്റ്റാഫ് അഡ്വൈസർ ദീപ ഡോമിനിക്കിന്റെയും സി ഒ ഡി കോഡിനേറ്റർ സിദ്ധാർത്ഥിന്റെയും നേതൃത്വത്തിൽ വിദ്യാർഥികളായ ദേവ്താര,അഖിൽ, അഭിഷേക് അഭിനന്ദ്, എബിൻ, അലോൺ, നയന, ജെസ്‌വിൻ, അഞ്ചു,അമ്‌ന,സ്നേഹ, ജീസ് എന്നിവരാണ് അരങ്ങത്തെത്തിയത്.



