മാര്‍ക്കറ്റ് മാറ്റം ഉടനില്ല കല്ലുത്താൻകടവില്‍ പച്ചക്കറി മാര്‍ക്കറ്റ് നിര്‍മ്മാണം ഇഴയുന്നു

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ ഇഴയുന്നു. ജനുവരിയോടെ മാർക്കറ്റ് പൂർണമായും കല്ലുത്താൻകടവിലേക്ക് മാറ്റുമെന്ന കോർപ്പറേഷൻ തീരുമാനം നടപ്പാക്കാൻ സാധിച്ചിരുന്നില്ല. പ്രവൃത്തി പൂർത്തിയാവാത്തതിനാല്‍ മാർക്കറ്റ് മാറ്റം മാസങ്ങളോളം വൈകിയേക്കും. കെട്ടിടത്തിന്റെ സ്ട്രക്ചർ മാത്രമാണ് പൂർത്തിയായത്. പ്ലംബിംഗ്, വയറിംഗ്, പെയിന്റിംഗ് , ഫ്ലോറിംഗ് എന്നിവയെല്ലാം പൂർത്തിയാകാനുണ്ട്.
കല്ലുത്താൻ കടവ് ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റിക്കാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. 35 വർഷത്തെ നടത്തിപ്പു കാലാവധിയ്ക്കു ശേഷമാണ് സൊസൈറ്റി മാർക്കറ്റ് കോർപ്പറേഷന് കൈമാറുക. അതുവരെ പച്ചക്കറി മാർക്കറ്റ്, വാണിജ്യ സമുച്ഛയം എന്നിവയില്‍ നിന്നുള്ള വരുമാനം സൊസൈറ്റിക്ക് എടുക്കാമെന്നാണ് കരാർ.
ആദ്യത്തെ മൂന്നു വർഷം 10 ലക്ഷം വീതവും പിന്നീട് ഓരോ വർഷവും അഞ്ചു ശതമാനം വർധനയോടെയുള്ള തുകയും കോർപ്പറേഷന് നല്‍കണമെന്നും കരാറിലുണ്ട്. 5.5 ഏക്കർ വിസ്തൃതിയില്‍ മൂന്നു നില കെട്ടിടമായാണ് മാർക്കറ്റ് നിർമ്മാണം നടക്കുന്നത്.
കല്ലുത്താൻകടവ് കോളനി പൊളിച്ച് മാറ്റിയതോടെയാണ് പാളയം മാർക്കറ്റ് അവിടേക്ക് മാറ്റാൻ കോർപ്പറേഷൻ തിരുമാനിച്ചത്. എന്നാല്‍ മാർക്കറ്റ് മാറ്റത്തിനെതിരെ പാളയത്തെ വ്യാപാരികള്‍ തുടക്കം മുതലേ സമരത്തിലാണ്. കോർപ്പറേഷൻ നിരവധി തവണ ചർച്ച നടത്തിയെങ്കിലും പാളയത്തില്‍ നിന്ന് മാറാൻ കച്ചവടക്കാർ തയ്യാറല്ല.
പാളയം പച്ചക്കറി മാർക്കറ്റ് ആധുനിക രീതികളോടെ പാളയത്തു തന്നെ പുനർനിർമിക്കണമെന്നാണ് ഇവരുടെ ആവശ്യം. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതോടെ സാധനങ്ങള്‍ വാങ്ങാൻ എത്തുന്നവർ കുറയുമെന്നും തൊഴിലാളികള്‍ പ്രതിസന്ധിയിലാകുമെന്നുമാണ് ഇവർ പറയുന്നത്.
കഴിഞ്ഞ ദിവസം വ്യാപാരികളും കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ട് പോകാൻ കച്ചവടക്കാർ തയ്യാറല്ല. കോർപ്പറേഷന് മുന്നില്‍ സമരമിരിക്കാനാണ് ഞങ്ങളുടെ തീരുമാനമെന്നും പി.കെ കൃഷ്ണദാസ്, (ചെയർമാൻ, പാളയം മാർക്കറ്റ് കോർഡിനേഷൻ കമ്മിറ്റി), പറഞ്ഞു. സാങ്കേതിക പ്രശ്നമാണ് പ്രവൃത്തി വെെകാൻ കാരണമെന്നും പണി പൂർത്തിയാവാൻ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നും മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.



