
താമരശ്ശേരി : ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ സ്വപ്‌നപദ്ധതിയായ ഷോപ്പിങ് മാളിന് അംഗീകാരം ലഭ്യമാക്കി പ്രവൃത്തി ഉദ്ഘാടനം നടത്താനൊരുങ്ങി യു.ഡി.എഫ്. ഭരണസമിതി. തിങ്കളാഴ്ചചേർന്ന ഭരണസമിതിയോഗമാണ് താമരശ്ശേരി ഷോപ്പിങ് മാളിന്റെ നിർമാണപ്രവൃത്തിക്ക് അംഗീകാരം നൽകിയത്.
ഇക്കഴിഞ്ഞ ബജറ്റിൽ പത്തുകോടി രൂപ പഞ്ചായത്ത് വകയിരുത്തിയ കെട്ടിടസമുച്ചയത്തിന് ഭരണാനുമതിക്കുപുറമെ ടൗൺപ്ലാനിങ് വിഭാഗത്തിന്റെ അനുമതിയും ലഭ്യമായിരുന്നു. ഹൈക്കോടതിവരെ കയറിയ നിയമപ്രതിബന്ധങ്ങളെ മറികടന്ന് ശിലാസ്ഥാപനം നിർവഹിച്ചെങ്കിലും പിന്നീട് കാലവിളംബമുണ്ടായ നിർമാണപ്രവൃത്തി സാങ്കേതിക അനുമതികൂടി ലഭ്യമാവുന്ന മുറയ്ക്ക് ആരംഭിക്കാനാണ് യു.ഡി.എഫ്. ഭരണസമിതിയുടെ തീരുമാനം.
അതേസമയം ദീർഘവീക്ഷണമില്ലാതെ താമരശ്ശേരി നഗരത്തെ ഗതാഗതക്കുരുക്കിൽ അമർത്തുന്നതാണ് ഷോപ്പിങ് മാൾ പദ്ധതിയെന്ന് അഭിപ്രായപ്പെട്ട എൽ.ഡി.എഫ്. അംഗങ്ങൾ പഴയ ബസ് സ്റ്റാൻഡിന് പകരം ഉചിതമായ മറ്റൊരുസ്ഥലത്ത് മാളിനായി സ്ഥലം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
ഷോപ്പിങ് മാൾ നിർമാണം സംബന്ധിച്ച അജണ്ടയെ എതിർത്ത് ഭരണസമിതിയോഗം ബഹിഷ്കരിച്ച ഇടതു അംഗങ്ങളായ എ.പി. മുസ്തഫ, എ.പി. സജിത്ത്, എം.വി. യുവേഷ്, വി.എം. വള്ളി, പി.സി. അബ്ദുൽ അസീസ് എന്നിവർ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.



