
കൂരാച്ചുണ്ട്: കാടിറങ്ങുന്ന വന്യമൃഗങ്ങളോടൊപ്പം വനംവകുപ്പ് രക്ഷിച്ച് തുറന്നു വിടുന്ന മറ്റ് മൃഗങ്ങളും കക്കയത്തെ ജനജീവിതം ദുസഹമാക്കുന്നുവെന്ന് നടുവണ്ണൂർ ബ്ലോക്ക് സെക്രട്ടറി ജോണ്സണ് കക്കയം. പലയിടങ്ങളില്‍ നിന്നും പിടികൂടുന്ന രാജവെമ്പാലയടക്കമുള്ള വിഷപാമ്പുകള്‍, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ, മുള്ളൻപ്പന്നി തുടങ്ങിയ കർഷകരെ ദ്രോഹിക്കുന്ന ജീവികളെ ജനവാസ കേന്ദ്രത്തിനോട് ചേർന്നുള്ള സ്ഥലങ്ങളില്‍ തുറന്നു വിടുകയാണ്.
വർഷങ്ങള്‍ക്ക് മുമ്പ് വനം വകുപ്പും, ജനകീയ സമിതിയുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് കക്കയത്തേക്ക് മൃഗങ്ങളെ കൊണ്ടുവന്ന് വിടുമ്പോള്‍ ജനപ്രതിനിധികളെ മുൻകൂട്ടി അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ജനവാസ മേഖലകളില്‍ രാജവെമ്പാലകളുടെ സാന്നിധ്യം പതിവായിരിക്കുന്നു. മാത്രമല്ല കക്കയത്ത് കാട്ടാനകളും കാട്ടുപോത്തുകളും വലിയ തോതില്‍ കൃഷി നാശം വരുത്തി കൊണ്ടിരിക്കുകയുമാണ്.
കക്കയത്തെ ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്നത് അധികാരികള്‍ അവസാനിപ്പിക്കണമെന്നും ജോണ്സണ് കക്കയം ആവശ്യപ്പെട്ടു.



