LOCAL NEWS

കൂമ്പാറ ആനക്കല്ലുംപാറ വളവിൽ ഇന്നലെ വീണ്ടും വാഹനാപകടം

ശാസ്ത്രീയപഠനം വേണം: യൂത്ത് കോൺഗ്രസ്

തിരുവമ്പാടി : മലയോരഹൈവേ കടന്നുപോകുന്ന കൂമ്പാറ ആനക്കല്ലുംപാറ വളവിൽ ഇന്നലെ(ശനി) വീണ്ടും വാഹനാപകടം. രണ്ടുപേർക്ക് ഗുരുതരപരിക്ക്. കക്കാടംപൊയിലിൽ വിനോദസഞ്ചാരത്തിനെത്തി തിരിച്ചുപോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് നിയന്ത്രണംവിട്ടത്. മലപ്പുറം വണ്ടൂർ തിരുവാലി പതീറക്കൽ വൈഷ്ണവ് (24), ചോലക്കൽ സൽമാൻ (24) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. കക്കാടംപൊയിൽ ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്ക് റോഡിൽ മറിയുകയും യാത്രക്കാർ ബൈക്കിൽനിന്ന് തെറിച്ചുവീഴുകയുമായിരുന്നു.

ഒരാൾ അമ്പതടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് പതിച്ചത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സ്ഥിരം അപകടമേഖലയായ സ്ഥലത്തുനിന്ന് പത്തുമീറ്റർ മുകളിലാണ് ശനിയാഴ്ചത്തെ അപകടം. ചുരം കണക്കെ കുത്തനെയുള്ള കയറ്റിറക്കത്തിൽ അതിവേഗമിറങ്ങിവരുന്ന ബൈക്കുകളാണ് സ്ഥിരമായി നിയന്ത്രണംവിടുന്നത്.

സംരക്ഷണവേലിയുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. റോഡിന്റെ പ്രത്യേകഘടനയ്ക്ക് അനുയോജ്യമായി കൂറ്റൻ സംരക്ഷണഭിത്തികൊണ്ടുമാത്രമേ പ്രശ്നത്തിന് ശാശ്വതപരിഹാരമാകൂ. സ്ഥിരം അപകടമേഖലയായ ഇവിടെ കഴിഞ്ഞ ജനുവരിയിൽ മലപ്പുറം കാവനൂർ സ്വദേശികളായ രണ്ടുപേർക്ക് ബൈക്ക് മറിഞ്ഞ് ഗുരുതരപരിക്കേറ്റിരുന്നു. നവംബറിൽ മലപ്പുറം സ്വദേശികളായ രണ്ടുവിദ്യാർഥികൾ ബൈക്ക് കൊക്കയിൽവീണ്‌ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർഥിക്ക് ഗുരുതരപരിക്കേൽക്കുകയുമുണ്ടായി. ഒരുവർഷംമുമ്പ് ബൈക്ക് മറിഞ്ഞ് മറ്റൊരു യുവാവും മരിക്കുകയുണ്ടായി. അതിനുമുമ്പ് കാറപകടം ഉൾപ്പെടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളുണ്ടായി. പൊന്തക്കാടുകൾ നിറഞ്ഞുകിടക്കുന്നതിനാൽ ആരെങ്കിലും അപകടത്തിൽപ്പെട്ടാൽത്തന്നെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടെന്നുവരില്ല. മലയോരഹൈവേയുടെ ഭാഗമായി റോഡ് വികസിപ്പിച്ചതോടെ അതിവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കക്കാടംപൊയിൽ, പൂവാറൻതോട് ഉൾപ്പെടെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങളുടെ പടയാണ് ഈ റൂട്ടിൽ സദാസമയവും. വിദൂരജില്ലകളിൽനിന്നടക്കം ബൈക്കുകളിലും കാറുകളിലും മറ്റുമായി വിനോദസഞ്ചാരികളെത്തുന്നു. സ്ഥലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് അറിയാത്ത മറുനാട്ടുകാരാണ് സ്ഥിരമായി അപകടത്തിൽപ്പെടുന്നത്. ശാസ്ത്രീയമായി സുരക്ഷാഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്

ശാസ്ത്രീയപഠനം വേണം കക്കാടംപൊയിൽ റീച്ച് നിർമാണത്തെക്കുറിച്ച് ശാസ്ത്രീയപഠനം വേണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെങ്കുത്തായ, കൂമ്പാറ-മുതൽ കക്കാടംപൊയിൽ വരെയുള്ള ഭാഗങ്ങളിൽ വാഹനാപകടങ്ങൾ ആവർത്തിക്കുകയാണ്. വളവുതിരിവുകൾ ഏറെയുള്ള റോഡ് ശാസ്ത്രീയമായി പുനർനിർമിക്കാത്തതുമൂലമാണ് അപകടങ്ങൾ പെരുകിയത്.ആനക്കല്ലുംപാറ വളവിൽ ഭീഷണിയായ വലിയ കൊക്കകളെ പരിഗണിക്കാതെയാണ് ഇവിടെ നിർമാണം നടന്നത്. ഇവിടെ വിദഗ്ധപരിശോധന നടത്താൻ അടിയന്തരനടപടി വേണം.യോഗത്തിൽ പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി. ദിപിൻ കൂമ്പാറ, ജോബിൻസ് പെരുമ്പൂള, ഡിയോൺസ് ബെന്നി, പോൾ പി. കക്കാട്, ജിൽസൺ, റിമ്പിൻ എന്നിവർ സംസാരിച്ചു. ആനക്കല്ലുംപാറ വളവിൽ ശാസ്ത്രീയ സുരക്ഷാഭിത്തി പണിയാൻ അടിയന്തരനടപടി വേണമെന്ന് ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി വിൽസൻ പുല്ലുവേലിൽ ആവശ്യപ്പെട്ടു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com