
മുക്കം: നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കോഴിക്കോട് ജില്ല മില്ലറ്റ് മിഷനുമായി സഹകരിച്ച് ചെറുധാന്യ പ്രദർശന വിപണന മേള സംഘടിപ്പിച്ചു. മുക്കം ഉപജില്ല ശാസ്ത്രമേള നടക്കുന്ന വേദിയുടെ സമീപത്താണ് മേള സംഘടിപ്പിച്ചത്. പൊതുജനങ്ങൾക്ക് ചെറുധാന്യത്തിന്റെ പ്രാധാന്യവും കൃഷിയും, ഉപയോഗ രീതിയും മനസ്സിലാക്കാൻ മേള സഹായിച്ചു. റാഗി, വിവിധ തരം ചോളങ്ങൾ, തിന, ചാമ , കുതിരവാലി, ബ്രൗൺ ടോപ് മില്ലറ്റ്, വരക് അരി, ചെറു ധാന്യങ്ങളുടെ വിവിധ ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിൽ പ്രദർശിപ്പിച്ചു. ഐക്യരാഷ്ട്രസഭ 2023 ചെറു ധാന്യ വർഷമായി ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രസർക്കാരിൻറെ പോഷൻ മാഹ് പദ്ധതിയും ചെറുധാന്യ ഉൽപാദന വിപണന ഉപയോഗ വർദ്ധനവ് ഉദ്ദേശിച്ചിട്ടുള്ളതാണ്.
കോഴിക്കോട് ജില്ല മില്ലറ്റ് മിഷൻ ജോയിൻ സെക്രട്ടറി ജസീല റൗഫ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെറു ധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു. പിടിഎ പ്രസിഡണ്ട് എം കെ യാസർ, പ്രിൻസിപ്പൽ എം കെ ഹസീല, എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർ സി.എ അജാസ്, വളണ്ടിയർ ലീഡർമാരായ ശിശിര ബാബു , അശ്വനി സത്യൻ എന്നിവർ സംസാരിച്ചു.



