
കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായകളുടെ ആക്രമണം. വെസ്റ്റ് കൊടിയത്തൂർ പുതിയോട്ടിൽ കടവിൽ കുളിക്കാനിറങ്ങിയ ഇരുപതോളം കുട്ടികൾക്കുനേരേയാണ് നീർനായകളുടെ കൂട്ട ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്നുവിദ്യാർഥികൾക്ക് കടിയേറ്റു.ഇന്നലെ വൈകീട്ട് ആറുമണിയോടെ പുതിയോട്ടിൽക്കടവ് തൂക്കുപാലത്തിന് സമീപത്താണ് സംഭവം. തൊട്ടടുത്ത ഗ്രൗണ്ടിൽ കളികഴിഞ്ഞ് ഒന്നിച്ച് കുളിക്കാനിറങ്ങിയ വിദ്യാർഥികൾക്ക് നേരേയാണ് ആക്രമണമുണ്ടായത്. മൂന്നിലധികം നീർനായകൾ ഉണ്ടായിരു ന്നതായി വിദ്യാർഥികൾ പറഞ്ഞു.
കാലിന് കടിയേറ്റ മൂന്നുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കലങ്ങോട്ട് അനീസിന്‍റെ മകൻ ഹാദി ഹസൻ(14, ആശാരിക്കണ്ടി യൂനുസിന്‍റെ മകൻ അബ്ദുൽ ഹാദി(14), ചുങ്കത്ത് ശമീറിന്‍റെ മകൻ മുഹമ്മദ് ഷാദിൻ (14) എന്നിവർക്കാണ് കടിയേറ്റത്. മൂന്നുവർഷത്തിനിടെ 250-ഓളം പേർക്കാണ് കടിയേറ്റത്.കുളിക്കടവിൽ ഇരുമ്പുനെറ്റ് സംരക്ഷണവലയം തീർത്താൽ പരിഹാരമുണ്ടാക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, അധികൃതർ ഇതൊന്നും ചെയ്യുന്നില്ല.



