
തിരുവമ്പാടി: കെ സി ബി സി മദ്യ-ലഹരി വിരുദ്ധ സമിതി താമരശ്ശേരി രൂപതാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ നേതൃത്വത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ്ബ് രൂപതാസാഹിത്യോത്സവം നടത്തി.
മദ്യവും ഇതര ന്യൂ ജെൻ രാസലഹരികളും സമൂഹത്തിൽ സർവ്വനാശം വിതച്ചുകൊണ്ട് സംഹാര താണ്ഡവമാടുമ്പോൾ ഉത്തമവ്യക്തിത്വമുള്ള ലഹരി രഹിത പുതു തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ വ്യക്തിത്വ
വികസന ലഹരി വിരുദ്ധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. ക്ലബ്ബിന്റെ വിവിധങ്ങളായ പ്രവർത്തന പദ്ധതികളുടെ ഭാഗമായിട്ടാണ് ഉപന്യാസരചന, കഥാരചന , കവിതാരചന , പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ യു പി , എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചത്. രൂപതയിലെ മുഴുവൻ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ സാഹിത്യോത്സവത്തിൽ പങ്കെടുത്തു.
സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ സാഹിത്യോത്സവം ഹെഡ്മാസ്‌റ്റർ സജി പി തോമസ് ഉദ്ഘാടനം ചെയ്തു.
കെ സി ബി സി മദ്യ-ലഹരി വിരുദ്ധ സമിതി രൂപതാവൈസ് പ്രസിഡന്റ് പി വി ജോൺ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോളി ഉണ്ണ്യേപ്പിള്ളിൽ, ട്രഷറർ കെ എസ് ജോസ് , സാഹിത്യോത്സവം ജനറൽ കൺവീനർ കെ സി ജോസഫ് ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ വി അബ്രാഹം, സിസ്റ്റർ ഗീത സി എം സി , ടി ടി തോമസ്, ടി ജെ സണ്ണി എന്നിവർ പ്രസംഗിച്ചു.



