ENTERTAINMENT

സിദ്ദീഖ് എഴുതുന്നു.. എൻ്റെ ഭ്രാന്തൻ ചിന്തകൾ-04

സൗദിയാണ് രാജ്യം ശരിയത്താണ് നിയമം…

ആയിരത്തിത്തൊള്ളായിരത്തി തോന്നുറ്റിയഞ്ച് ഏപ്രിൽ പതിമൂന്നാം തീയതി രാത്രി പതിനൊന്ന് മണിയോടടിപ്പിച്ചാണ് സൗദി അറേബ്യയിലെ ജിദ്ദയിൽ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ഞാനും എന്റെ മച്ചുനിയൻ ബഷീറും വിമാനമിറങ്ങുന്നത്…കസ്റ്റംസ് ചെക്കിങ്ങും എമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞ് പുറത്തിറങ്ങി, പന്ത്രണ്ടരയോടെ വീട്ടിലെത്തി.. പഴയ ഒരു ബിൽഡിങ്ങിൽ രണ്ട് റൂമും ഡൈനിങ് ഹാളും ഒരു കിച്ചനും ഒരു ബാത്റൂമും അടങ്ങിയതായിരുന്നു ആ ഫ്ലാറ്റ്… ഓരോ റൂമിലും നാലോ അഞ്ചോ പേർ വീതം ഉറങ്ങുന്നുണ്ട്…

എന്റെ ഉപ്പയുടെ അനിയനും ബഷീറിന്റെ ജ്യേഷ്ഠനും ( മച്ചുനിയൻ) ഉറക്കമെഴുന്നേറ്റ് ഡൈനിങ് ഹാളിൽ വന്ന് കുറച്ച് കുശലം പറഞ്ഞ്, ഓരോ റൂമിലും ഞങ്ങൾക്ക് ഓരോ കട്ടിൽ വീതം കാണിച്ചു തന്നിട്ട് ഞങ്ങളോട് അവിടെ കിടക്കാൻ പറഞ്ഞ്, അവർ പോയി കിടന്നു.. ഞങ്ങൾ ഒരു പുതിയ ലോകത്തായിരുന്നു, ആദ്യത്തെ അനുഭവമായിരുന്നു… ഞങ്ങൾക്ക് ഉറക്കം വന്നില്ല…ജിദ്ദ എന്ന മഹാ പട്ടണത്തിന്റെ സൂര്യശോഭയോടെ വെട്ടി തിളങ്ങുന്ന വെളിച്ചത്തിനു മുന്നിൽ ഞങ്ങൾകോരിത്തരിച്ചു നിന്നു.. ഞങ്ങൾ പരസ്പരം കൂടുതലൊന്നും സംസാരിച്ചില്ല, ഫ്രഷായി, റൂമിന്റെ പുറത്തിറങ്ങി ജിദ്ദയുടെ നിറശോഭ ആസ്വദിച്ചു.. നാളെ രാവിലെ കോയ വരും ഞങ്ങളെ ഞങ്ങളുടെ അറബിയുടെ അടുത്തേക്ക് കൊണ്ടുപോകാൻ..ഞങ്ങൾ രണ്ടിടത്തായി കയറി കിടന്നു, എനിക്ക് ഉറക്കം വന്നതേയില്ല. പത്താം ക്ലാസ് ഹൈ ഫസ്റ്റ് ക്ലാസ്സോടെ പാസായി രണ്ടു കോളേജുകളായി, ഫസ്റ്റ് ഗ്രൂപ്പ് എടുത്ത് അഞ്ചുമാസം MAMO കോളേജിലും, അതിനടുത്ത വർഷം ഫോർത്ത് ഗ്രൂപ്പ് എടുത്ത് നാഷണൽ കോളേജിൽ നാലുമാസവും പ്രീ ഡിഗ്രിക്ക് പോയി, പഠിപ്പ് നിർത്തി അങ്ങാടിയിൽ കാരക്കൂസായി നടക്കുന്ന എന്നെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്താൻ വേണ്ടിയാണ്, സൗദി അറേബ്യയിലേക്ക് പത്തൊമ്പതാമത്തെ വയസ്സിൽ ( പാസ്പോർട്ടിൽ 22 ) എന്നെ കൊണ്ടുവന്നത്..

ഉയർന്ന മാർക്ക് വാങ്ങിയിട്ടും തുടർപഠനം അവസാനിപ്പിച്ച് പേരാപാരാ നടക്കുന്ന എനിക്ക് കുറ്റബോധം കാരണം, എന്നിലെ അപകർഷതാ ബോധം കാരണം എനിക്ക് വേണ്ടപ്പെട്ടവരേയും എന്നെ സ്നേഹിക്കുന്നവരെയും ഞാൻ എന്നിൽ നിന്ന് അകറ്റി നിർത്തിയിരുന്നു..ഒരു മാറ്റം എനിക്കും നിർബന്ധമായിരുന്നു..ഞാൻ സൗദി അറബ്യയിൽ എത്തി.. എനിക്ക് സന്തോഷമായി.. രാവിലെ ആറു മണിയോടുകൂടി ഞങ്ങളെ കൊണ്ടു പോകാൻ കോയ കാറും കൊണ്ടുവന്നു. ഏഴു മണിയോടുകൂടി അൽസഫയിലെ ഒരു ഹൗസിംഗ് കോളനിയിൽ ഒരു ഫ്ലാറ്റിന്റെ താഴെ തട്ടിലുള്ള ഒരു കടയുടെ മുമ്പിൽ കൊണ്ട് വണ്ടി നിർത്തി..കടയിലുള്ള ബംഗാളിയോട് എന്തൊക്കെയോ സംസാരിച്ച്, “ഇത് നിങ്ങളുടെ അറബിയുടെ കടയാണ്, അവൻ വന്ന് നിങ്ങളെ കണ്ടോളും” എന്ന് ഞങ്ങളോട് പറഞ്ഞ് കോയ തിരിച്ചുപോയി… അത്യാവശ്യം വിസ്താരമുള്ള കടയുടെ ഭൂരിഭാഗം തട്ടുകളിലും ഒന്നുമില്ലാതെ പൊടിയും മാറാലയും പിടിച്ചു കിടക്കുന്നു. ബാക്കി തട്ടുകളിൽ ഒന്നും രണ്ടും ഐറ്റം സാധനങ്ങൾ വീതം വെച്ചിട്ടുണ്ട്, ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്നു. കടയുടെ എൻട്രൻസിനോടും ക്യാഷ് കൗണ്ടറിനോടും ചേർന്ന് ചില്ല് ബോട്ടിലിലുള്ള പെപ്സിയുയും അതുപോലെയുള്ള മറ്റു ചില ജ്യൂസുകളും പത്തു പതിനഞ്ച് ട്രേ അടുക്കി വച്ചിട്ടുണ്ട്. ഫ്രീസറും ഫ്രിഡ്ജും കൂളറുമായി അഞ്ചെട്ടെണ്ണം പ്രവർത്തിക്കുന്നതും അല്ലാത്തതുമായുണ്ട്. മേശയുടെ മുകളിൽ പലതരം സിഗരറ്റ് പാക്ക് അടക്കി വെച്ചിട്ടുണ്ട്. ഒരു പെട്ടിയിൽ രണ്ടുമൂന്ന്‌ പാക്കറ്റ് കുബ്ബൂസ് കണ്ടു, ഇന്നലെ വിറ്റതിന്റെ ബാക്കിയായിരിക്കും.മേശയുടെ ഒരു ഭാഗത്ത് കുറച്ച് മിഠായികളും..ആ ബംഗാളി ഞങ്ങളോട് കട പൊടിയും മാറാലയും തട്ടിക്കൊട്ടി വൃത്തിയാക്കാൻ പറഞ്ഞു. ഞങ്ങളുടെ അറബി പറഞ്ഞതാണെന്നും..ഞങ്ങൾ ജോലി ആരംഭിച്ചു..

അതുവരെ ഒരു ജോലിയും ചെയ്യാതിരുന്ന എനിക്ക് അത് വളരെ അസഹനീയമായിരുന്നു.. എന്നെക്കാളും നാലഞ്ചു വയസ്സ് മൂപ്പുള്ള ബഷീർ, ടാപ്പിങ്ങും മറ്റു പല ജോലികളും ചെയ്തു ശീലമുള്ളതുകൊണ്ട് അവനതൊരു പ്രശ്നമായിരുന്നില്ല… ളുഹ്ർ ബാങ്ക് കൊടുത്തപ്പോൾ 12:30 തോടുകൂടി പണി നിർത്തി കടയടച്ച് റൂമിൽ വന്നു..കടയോട് ചേർന്ന് ബിൽഡിങ്ങിന്റെ സൈഡിൽ ഒരു ഒറ്റ മുറി വീടായിരുന്നു അത്‌. അവിടെ താമസിച്ചിരുന്ന 50, 55 വയസ്സ് പ്രായമുണ്ടായിരുന്ന ആ ബംഗാളി അലക്കലും കുളിക്കലും കുറവാണെന്ന് ആ റൂം കണ്ടാൽ അറിയാം..ഭക്ഷണം പാകം ചെയ്യാൻ കടുകെണ്ണ ഉപയോഗിക്കുന്നത് കൊണ്ടാണോ എന്നറിയില്ല, ആ റൂമിലേക്ക് കയറിയപ്പോൾ അസഹനീയമായ ഒരു നാറ്റം, എനിക്കും ബഷീറിനും ഒരുപോലെ മനംപിരിഞ്ഞ് ഛർദ്ദിക്കാൻ വന്നു.. ജീവിതത്തിലൊരിക്കലും ഒരു ജോലിയും ചെയ്തിട്ടില്ലാത്ത ഞാൻ തുടക്കലും പൊടിയും മാറാലയും തട്ടലും മാലിന്യങ്ങൾ അടിച്ചുവാരി ചാക്കിലാക്കുകയും ചെയ്തതോടെ നന്നേ ക്ഷണിതനായിരുന്നു. എവിടെയെങ്കിലും ഒന്ന് ഇരുന്നാൽ മതി എന്നായി എനിക്ക്..വളരെ കുറച്ച് സംസാരിക്കുകയും അന്തർമുഖനുമായിരുന്ന ബഷീറിനോട് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തെ നിസ്സാരമായി കണ്ടിരുന്ന ഞാൻ ചിരിച്ചുകൊണ്ട്, ഞങ്ങൾ പ്രതീക്ഷിച്ചിതിനെപ്പറ്റിയും ഞങ്ങളുടെ അവസ്ഥയെപ്പറ്റിയും പറയുന്നതിനിടെ ആ ബംഗാളി ചോദിച്ചു.”നിസ്കരിക്കാൻ പള്ളിയിൽ പോകുന്നില്ലേ?”.ക്ഷീണിച്ച് ഒരു മൂലയിൽ കിടന്നിരുന്ന ഞാൻ ബഷീറിനോട് തമാശയായി “വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നിട്ട് പോലും വാപ്പ പള്ളിയിൽ പോയിട്ടില്ല, എന്നിട്ടാണിപ്പോൾ ഈ എഴുന്നേൽക്കാൻ പോലും കഴിയാത്തയിടത്ത് “.. പള്ളിയുടെ സമയം കഴിഞ്ഞു. ഞങ്ങൾ അര മുക്കാൽ കിലോമീറ്റർ അപ്പുറം മെയിൻ റോഡിന് അപ്പുറത്ത് ഒരു ഹോട്ടലിൽ നിന്ന് ഊണുകഴിച്ച് തിരിച്ച് കടയിൽ വന്നു. കട തുറന്നിട്ടില്ല. റൂമിൽ പോയപ്പോൾ ബംഗാളി പറഞ്ഞു ഇനി അസറിന് ശേഷമാണ് കട തുറക്കുന്നതെന്ന്..

റൂമിലെ വൃത്തിഹീനമായ അന്തരീക്ഷവും മനം അടുപ്പിക്കുന്ന മണവും കാര്യമാക്കാതെ ഒന്നൊന്നര മണിക്കൂറോളം ഞാൻ നന്നായി ഉറങ്ങി..അസ്റിനു ശേഷം നാലുമണിയോടുകൂടി കട തുറന്ന് ഞങ്ങൾ വീണ്ടും ക്ലീനിങ് പരിപാടിയിൽ ഏർപ്പെട്ടു. മഗ്‌രിബിന് കടയടച്ച് നിസ്കാരത്തിനു ശേഷം കട തുറന്ന് ഏഴരയോടെ ക്ലീനിങ് പൂർത്തിയാക്കി കടയ്ക്ക് പുറത്ത് കടയോട് ചേർന്നുള്ള സിമന്റ് തറയിൽ ഞങ്ങൾ ഇരുന്നു.. ആറര ഏഴു മണിയോടുകൂടി കൗമാരക്കാരായ ഇരുപതിനും ഇരുപത്തഞ്ചിനും ഇടയ്ക്ക് പ്രായമുള്ള സൗദികൾ കടയിലും കടയുടെ പരിസരത്തും കടക്ക്‌ തൊട്ടുമുമ്പിലുള്ള മൈതാനത്തിലും കൂട്ടം കൂട്ടമായി നിന്ന് സൊറ പറയുന്നുണ്ടായിരുന്നു.. കുറച്ച് ചെക്കന്മാര് ഞങ്ങൾക്ക് ചുറ്റും കൂടി എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അറബി അറിയാത്ത ഞങ്ങൾ, ബഷീർ നിസ്സഹായനായി ഒന്നും മിണ്ടാതെ നിന്നു, തിളച്ച എണ്ണയിൽ കടുക് ഇട്ടാൽ ചാടിക്കളിക്കുന്നത് പോലെ സംസാരിക്കുന്ന ഞാൻ പക്ഷേ ഒന്നും മിണ്ടാതിരുന്നില്ല, ഇംഗ്ലീഷിൽ ഞാനെന്നെ പരിചയപ്പെടുത്താൻ തുടങ്ങി. അവർക്കൊന്നും മനസ്സിലാകുന്നില്ല എന്ന് ഞാൻ മനസ്സിലാക്കിയത് കൊണ്ട്. ഞാൻ ആ നിലപാട് തുടർന്നു… ഇശാഹ് നിസ്കാരത്തിനും കടയടച്ച് നിസ്കാര ശേഷം കട തുറന്നു. ഈയൊരു ദിവസം കൊണ്ട് കടയിൽ വന്നുപോയ മുഴുവൻ കസ്റ്റമറുടെ എണ്ണം വിരലിന് എണ്ണാവുന്നതേയുള്ളൂ… ജീലു മിയ,അതായിരുന്നു ആ ബംഗാളിയുടെ പേര്. അദ്ദേഹത്തോട് സംസാരിച്ചപ്പോഴാണ് ഞങ്ങളറിയുന്നത് ഞങ്ങളിൽ ഒരാളാണ് ആ കടയിൽ നിൽക്കേണ്ടതെന്നും മറ്റേയാൾ അറബിയുടെ ജേഷ്ഠന്റെ കടയിലാണ് എന്നും..നാലര വർഷം തുടർച്ചയായി നാട്ടിൽ പോവാതെ ആ കടയിൽ തന്നെ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഞങ്ങളിൽ ഒരാളെ ഇതൊക്കെ ഒന്ന് പരിചയപ്പെടുത്തി

രണ്ടുമാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ ഇഖാമ തീരുന്നതിന് മുമ്പ് വിസ ക്യാൻസൽ ചെയ്ത് നാട്ടിൽ പോകണം.. സമയം പത്ത് മണിയായി പതിനൊന്നുമണിയായി കട അടച്ചിട്ടില്ല. ബംഗാളിയോട് ചോദിച്ചപ്പോൾ ഒരു മണിക്കാണെന്ന് പറഞ്ഞു.. പിറ്റേദിവസം രാവിലെ ഏഴ് മണിക്ക് കട തുറന്നു. എട്ടുമണിയോടെ ഒരുത്തൻ വന്ന് ബഷീറിനെയും കൊണ്ട് ജേഷ്ഠന്റെ കടയിലേക്ക് പോയി.. ഇടയ്ക്കിടയ്ക്ക് ഓരോരുത്തര് വന്ന് സിഗരറ്റ് വാങ്ങി പോകുന്നുണ്ട്. ഒൻപത് മണിയോടെ കുബ്ബൂസ് എത്തി. മുകളിലും അപ്പുറത്ത് വീടുകളിലും ഉള്ള ആളുകൾ കുബൂസ് വാങ്ങിപ്പോയി..പതിനൊന്നുമണിയോടെ സ്കൂൾ വിട്ടു. കടയുടെ തൊട്ടടുത്തുള്ള ഒരു എൽ പി സ്കൂളാണത്. കുട്ടികൾ കടയിലേക്ക് ഓടിക്കയറി. ജീലു അൻപത് ഹലാലിന്റെ ( പൈസ) ചില്ലുബോട്ടിലുള്ള പെപ്സിയും മിരിണ്ടയും പൊട്ടിച്ച് ഒരു പ്ലാസ്റ്റിക് കവറിൽ ഒഴിച്ച് സ്ട്രോ ഇട്ട് കൊടുക്കാൻ തുടങ്ങി..ഞാനും അയാളോടൊപ്പം ചേർന്നു.അമ്പതോളം കുട്ടികൾ ഏകദേശം ഒരു മണിക്കൂറിനുള്ളിൽ കടയിൽ കയറി പെപ്സിയും മിരിണ്ടയും അൻപത് ഹലാലിന്റെയും ഇരുപത്തുയാഞ്ച് ഹലാലിന്റെയും ഒരു റിയാലിന്റെയും മിഠായികളും ഡ്രിങ്ക്സും വാങ്ങി തിന്നുകയും കുടിക്കുകയും ചെയ്തിട്ട് പകുതി കുട്ടികളും കാശ് കൊടുക്കാതെ പോയി..ആ ഒരു മണിക്കൂറിനുള്ളിൽ മൂന്നോ നാലോ പിള്ളേര് മോഷ്ടിക്കുന്നത് ഞാൻ കണ്ടതുകൊണ്ട് അവർ അതിൽ നിന്ന് പിന്മാറി..ഒരു കുട്ടിയുടെ ട്രൗസർ കീശയിൽ അവൻ ഒളിപ്പിച്ചുവെച്ച മിട്ടായി തപ്പാൻ തുനിഞ്ഞ എന്നെ ജീലു വിലക്കി..വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിയോട് ജീലു കുറച്ച് ഉച്ചത്തിൽ സംസാരിച്ചതിന് ഏഴോ എട്ടോ വയസ്സുള്ള ആ കുട്ടി ആ കവർ അദ്ദേഹത്തിന്റെ മുഖത്തേക്ക് എറിഞ്ഞു..ആ കുട്ടികളിൽ ഭൂരിഭാഗവും ആ ബംഗാളിയെ പരിഹസിക്കുന്നതും തെറി പറയുന്നതും ഭാഷ അറിയില്ലെങ്കിലും അവരുടെ ശരീരഭാഷയിലൂടെ എനിക്ക് മനസ്സിലാക്കാമായിരുന്നു.. ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ, എല്ലാം വാരി വലിച്ചിട്ട് ആ കുട്ടികൾ പോയി.. വൈകുന്നേരം ഏഴ് മണിയോടുകൂടി ആ ചെറുപ്പക്കാർ എത്തിത്തുടങ്ങി. അവരും കടയിൽ വന്ന് സിഗരറ്റും മറ്റും വാങ്ങി കാശ് തന്നും തരാതെയും പിന്നെ തരാം എന്ന് പറഞ്ഞും, ജീലുവിനെ പരിഹസിച്ചും തെറി പറഞ്ഞും കടയ്ക്ക് പുറത്തും മൈതാനത്തിന്റെ സൈഡിലുമായി സംസാരിച്ച് നിന്നു..ജീലു പറഞ്ഞാണ് അറിഞ്ഞത് ആ ചെറുപ്പക്കാരെല്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരാണ് എന്ന്.. രണ്ടുമാസം കഴിഞ്ഞാൽ ജീലു നാട്ടിൽ പോകും. പിന്നീട് ഞാനാണ്. ആ സ്കൂൾ കുട്ടികളും കടയുടെ മുമ്പിൽ നിന്ന് ലഹരി ഉപയോഗിക്കുന്ന ആ ചെറുപ്പക്കാരും?. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…

തുടരും.Sidhique Patta…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com